മാലിദ്വീപ് യുവ തലമുറയെ പുകവലിയുടെ ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കർശനമായ നടപടി സ്വീകരിച്ചു. 2007 ജനുവരി 1ന് ശേഷം ജനിച്ച ആരും ഇനി മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം നവംബർ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ മാലിദ്വീപ് ഇത്തരമൊരു തലമുറ അടിസ്ഥാനത്തിലുള്ള പുകയില നിരോധനം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രമായി.
എല്ലാ തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഈ നിയമം ബാധകമാകും. പുകവലി ശീലത്തില്‍ നിന്ന് യുവാക്കളെ അകറ്റി നിലനിർത്തുന്നതാണ് ലക്ഷ്യമെന്ന് മാലിദ്വീപ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുകയും പുകയില ഉപയോഗിക്കാത്ത ഒരു തലമുറയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ തീരുമാനം വഴി ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. വ്യാപാരികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് മുൻപ് ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും, നിയമം ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.
പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവർക്ക് പരമാവധി 50,000 റുഫിയ (ഏകദേശം ₹2.7 ലക്ഷം) വരെ പിഴയും, വേപ്പിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവർക്ക് 5,000 റുഫിയ (ഏകദേശം ₹27,000) വരെ പിഴയും ചുമത്താമെന്നാണ് നിയമം പറയുന്നത്.ഇതിനകം തന്നെ മാലിദ്വീപില്‍ ഇലക്‌ട്രോണിക് സിഗരറ്റുകളും വേപ്പിംഗ് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുക, വില്‍ക്കുക, വിതരണം ചെയ്യുക, കൈവശം വയ്ക്കുക, ഉപയോഗിക്കുക എന്നിവ നിരോധിച്ചിട്ടുണ്ട്. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് പ്രായഭേദമന്യേ കർശന നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ സമയം, ബ്രിട്ടൻ ഇപ്പോള്‍ സമാനമായ പ്രായാധിഷ്ഠിത പുകയില നിരോധനം നടപ്പിലാക്കാനുള്ള നീക്കത്തിലാണ്. എന്നാല്‍ ഇതിന് മുമ്ബ് സമാനമായ നിയമം നടപ്പിലാക്കിയ ന്യൂസിലാൻഡ്, 2023 നവംബറില്‍ ആ നിയമം പിൻവലിച്ചിരുന്നു, പ്രാബല്യത്തില്‍ വന്നതിനു വെറും ഒരു വർഷത്തിനുള്ളില്‍ തന്നെ.

















