നീണ്ട കാത്തിരിപ്പിനു ശേഷം ജൂലൈ 23 ന് ജനനായകൻ റിലീസായി. ഇതോടെ ഈ സിനിമ ഏകദേശം അഞ്ച് പതിറ്റാണ്ടിനിടെ ഒരു സിറ്റിങ് മുഖ്യമന്ത്രി നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രമായി മാറിയിരിക്കുന്നു.എംജിആർ അഭിനയിച്ച ‘മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ’ ആണ് ഇതിനു മുമ്പ് ഇത്തരത്തില്‍ പുറത്തിറങ്ങിയ സിനിമ.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാവുന്ന ‘ജനനായകന്‍’ രാഷ്ട്രീയവും സിനിമയും തമ്മിലുള്ള അതിരുകള്‍ ഒരിക്കല്‍ കൂടി മായ്ച്ചുകളഞ്ഞുകൊണ്ടാണ് വെള്ളിത്തിര കീഴടക്കാനൊരുങ്ങുന്നത്. എച്ച്. വിനോദിന്റെ സംവിധാനത്തില്‍ വിജയ് നായകനായെത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ.വി.എൻ പ്രൊഡക്ഷൻസാണ്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവർക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ജനനായകനിലൂടെ തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തരായ രാഷ്ട്രീയ-സിനിമാ വ്യക്തിത്വങ്ങളില്‍ ഒരാളായ എംജി രാമചന്ദ്രനുമായാണ് വിജയ് ഇപ്പോള്‍ താരതമ്യം ചെയ്യപ്പെടുന്നത്. എംജിആർ. 1977-ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി. തുടർന്നും അദ്ദേഹം സിനിമകളില്‍ സജീവമായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നായകനായി അഭിനയിച്ച് 1978-ല്‍ പുറത്തിറങ്ങിയ ‘മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ’ ആണ് തമിഴ്‌നാട്ടിലെ ഒരു സിറ്റിംഗ് മുഖ്യമന്ത്രി നായകനായി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ അവസാനത്തെ പ്രധാന ചിത്രം.
എംജിആറിന്റെ അവസാന ചിത്രമായിരുന്ന ‘മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ’ ഒരു ബോക്സോഫീസ് പരാജയമായിരുന്നു. എന്നാല്‍ വിജയ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ റിലീസായ ‘ജനനായകൻ’ സൂപ്പർ ഹിറ്റാണെന്ന് ആദ്യ ദിവസത്തെ പ്രതികരണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്.

















