ബിഹാറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപി എംഎല്‍എ പാര്‍ട്ടിവിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നു. പിർപൈന്തി എംഎല്‍എയായ ലാലൻ കുമാർ ആണ് ബുധനാഴ്ച ബിജെപിയില്‍ നിന്നും രാജിവച്ചത്.ഭഗല്‍പൂർ ജില്ലയിലെ സംവരണ പട്ടികജാതി സീറ്റായ പിർപൈന്തി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ലാലൻ കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ, കുമാര്‍ പാർട്ടി വിട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ കുമാർ വിജയം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി സീറ്റ് നല്‍കാത്തതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. പകരം ബിജെപി മുരാരി പാസ്വാനെയാണ് മത്സരിപ്പിച്ചത്.പ്രതിപക്ഷമായ ആർജെഡിയില്‍ ചേർന്നതിന് ശേഷം ലാലൻ കുമാർ ബിഹാർ പ്രതിപക്ഷ നേതാവ് (എല്‍ഒപി) തേജസ്വി യാദവിനെയും മുൻ മുഖ്യമന്ത്രി റാബ്റി ദേവിയെയും കണ്ടു.
” രാഷ്ട്രീയ ജനതാദളിന്റെ സംഘം വളർന്നു കൊണ്ടേയിരിക്കട്ടെ. ഇന്നു മുതല്‍ ഞാനും അതില്‍ ചേർന്നു. ബിഹാറിനെ തേജസ്വിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു സംസ്ഥാനമാക്കണം. നാമെല്ലാവരും ഇത് ഒരുമിച്ച് ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. തേജസ്വിയാണ് വർത്തമാനവും തേജസ്വിയാണ് ഭാവിയും. ജയ് ഭീം” എന്ന് ലാലൻ കുമാർ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
“ബിജെപിയുടെ ലോബിയിംഗ് കാരണം, നിലവിലെ എംഎല്‍എ ശ്രീ ലാലൻ പാസ്വാൻ ഇന്ന് ബിജെപി വിട്ട് ആർജെഡി കുടുംബത്തില്‍ ചേർന്നു” എന്ന് ആർജെഡി എക്‌സില്‍ പോസ്റ്റ് ചെയ്തു. പിർപൈന്തിയില്‍ ബിജെപിയുടെ മുരാരി പാസ്വാനും ആർജെഡിയുടെ രാംവിലാസ് പാസ്വാനും തമ്മിലാണ് മത്സരം. അതേസമയം, ജൻ സൂരജ് പാർട്ടി (ജെഎസ്പി) ഘനശ്യാം ദാസിനെ സ്ഥാനാർഥിയാക്കി.121 നിയമസഭാ സീറ്റുകളിലേക്ക് നവംബർ 6 ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും. ബാക്കിയുള്ള 122 മണ്ഡലങ്ങളിലേക്ക് നവംബർ 11 ന് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.











