ഡല്‍ഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ദേബോസ്മിത പോളിനെ ഫ്ലാറ്റില്‍ വെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. ബർധമാൻ സ്വദേശികളായ രാംപ്രസാദ് ദാസ്, ബാൻശ്രീ ദാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകം നടപ്പിലാക്കുന്നതിനായി ബംഗാളില്‍ നിന്നും ഏകദേശം 1,400 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ ഡല്‍ഹിയിലെത്തിയത്. കൊലപാതകം നടന്ന് വെറും മൂന്ന് ദിവസത്തിനുള്ളിലാണ് അന്വേഷണസംഘം പ്രതികളെ വലയിലാക്കിയത്.

കിഴക്കൻ ഡല്‍ഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റില്‍ ബുധനാഴ്ചയാണ് ദേബോസ്മിത കൊല്ലപ്പെട്ടത്.ഡല്‍ഹി സർവകലാശാലക്ക് കീഴിലുള്ള ശിവാജി കോളജിലെ അധ്യാപികയായിരുന്നു ദേബോസ്മിത. അഞ്ച് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2022ല്‍ ബെംഗളൂരുവിലുള്ള ഭർത്താവുമായി അകന്ന ഇവർ സഹോദരിയുടെ ഫ്ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ബുധനാഴ്ച ഉച്ചയ്ക്ക് 3:20 ഓടെ ഒരു പ്രൈവറ്റ് കാബിലാണ് പ്രതികള്‍ അപ്പാർട്ട്മെന്റില്‍ എത്തിയത്. സംശയം തോന്നാതിരിക്കാൻ ഇവർ തങ്ങളുടെ പ്രായപൂർത്തിയാകാത്ത മകനെയും ഒപ്പം കൂട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസ്ക് ധരിക്കുകയും കയ്യില്‍ ബാഗുകള്‍ കരുതുകയും ചെയ്തിരുന്ന ഇവർ, സിസിടിവിയില്‍ പെടാതിരിക്കാനും മറ്റുമായി ലിഫ്റ്റിന് പകരം പടികള്‍ കയറിയാണ് ആറാം നിലയിലുള്ള ഫ്ലാറ്റിലെത്തിയത്. മുൻപരിചയം ഉണ്ടായിരുന്നതിനാല്‍ ദേബോസ്മിത തന്നെയാണ് ഇവർക്ക് വാതില്‍ തുറന്നുനല്‍കിയത്. വീട്ടിനുള്ളില്‍ പ്രവേശിച്ച പ്രതികള്‍ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച്‌ ദേബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നു. ഏകദേശം 30 മിനിറ്റിനുള്ളില്‍ കൃത്യം നിർവഹിച്ച്‌, വസ്ത്രങ്ങള്‍ മാറി താഴെ കാത്തുനിന്നിരുന്ന അതേ കാബില്‍ തന്നെ ഇവർ രക്ഷപ്പെടുകയും ചെയ്തു.

കോടികള്‍ വിലമതിക്കുന്ന ഒരു സ്വത്ത് തർക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദേബോസ്മിതയ്ക്ക് പശ്ചിമ ബംഗാളില്‍ മുത്തച്ഛനില്‍ നിന്നും അനന്തരാവകാശമായി ലഭിച്ച വലിയൊരു സ്വത്തുണ്ടായിരുന്നു. ഈ വീട്ടിലെ വാടകക്കാരായിരുന്നു പിടിയിലായ പ്രതികള്‍. ഈ സ്വത്ത് എങ്ങനെയെങ്കിലും സ്വന്തമാക്കാൻ ദമ്പതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാടക വീടൊഴിയാൻ ദേബോസ്മിത ഇവർക്ക് മേല്‍ നിരന്തരം സമ്മർദ്ദം ചെലുത്തി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്.

വ്യാഴാഴ്ച ദേബോസ്മിതയുടെ സഹോദരിയായ ദേവാരതി പോള്‍ പലതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് ഫ്ലാറ്റിലെത്തിയ ദേവാരതി, പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്ന വാതില്‍ തകർത്ത് അകത്ത് കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദേബോസ്മിതയുടെ മൃതദേഹം കണ്ടത്. തലയില്‍ ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതിന്റെ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കൂടാതെ കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയിലുമായിരുന്നു.

വീട്ടിലുണ്ടായിരുന്ന സ്വർണമോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇതൊരു മോഷണശ്രമമല്ലെന്ന് പൊലീസിന് ആദ്യം തന്നെ വ്യക്തമായിരുന്നു.സത്യം അപ്പാർട്ട്മെന്റ് പോലെയുള്ള വലിയൊരു ഗേറ്റഡ് കമ്മ്യൂണിറ്റിയില്‍ നടന്ന കൊലപാതകം പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, പ്രതികള്‍ സഞ്ചരിച്ച കാബിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവദിവസം ഫ്ലാറ്റിലെത്തിയ 200ഓളം ആളുകളില്‍ നിന്നും 13 പേരെ പൊലീസ് ചുരുക്കപ്പട്ടികയാക്കി ചോദ്യം ചെയ്തു. ഇതിനായി ഏഴ് പൊലീസ് സംഘങ്ങള്‍ നാല് സംസ്ഥാനങ്ങളിലായി വ്യാപക പരിശോധനയാണ് നടത്തിയത്.ഈ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ബർധമാനില്‍ നിന്നും ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രായപൂർത്തിയാകാത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് റിമാൻഡ് വഴി ഡല്‍ഹിയിലെത്തിച്ച്‌ വിശദമായ അന്വേഷണങ്ങള്‍ തുടരാനാണ് ഡല്‍ഹി പൊലീസിന്റെ നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക