ബിഹാറിലെ ഗയ ജില്ലയില്‍ നിന്നുള്ള പ്ലംബര്‍ തന്റെ ബാങ്ക് ബാലന്‍സ് കണ്ട് ഞെട്ടി. വെറും 113 രൂപയുണ്ടായിരുന്ന തന്റെ അക്കൗണ്ടില്‍ ഒറ്റയടിക്ക് ക്രെഡിറ്റായത് പതിനായിരങ്ങളോ, ലക്ഷങ്ങളോ അല്ല, കോടികള്‍!!294 കോടി രൂപ.മസ്തപുര ഗ്രാമത്തില്‍ നിന്നുള്ള വികാസ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് കോടികള്‍ ഒഴുകിയെത്തിയത്.
തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഗ്രാമത്തിലെ പ്രാദേശിക നേതാക്കളെ വികാസ് ഇക്കാര്യം അറിയിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം പൊലീസിനെ സമീപിക്കുകയും ചെയ്തു. ബാങ്ക് രേഖകളടക്കം എല്ലാം പരിശോധിച്ചുവരികയാണെന്ന് ബോധ് ഗയ സ്റ്റേഷനിലെ എസ്‌എച്ച്‌ഒ മനോജ് കുമാര്‍ സിംഗ് പറഞ്ഞു.
ബാങ്കിങ് പിശക് മൂലമാണോ സാങ്കേതിക തകരാറിന്റെ ഫലമായാണോ അതോ ഏതെങ്കിലും തട്ടിപ്പുമായി ബന്ധപ്പെട്ടാണോ ഇങ്ങനെ ഉണ്ടായതെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണം എവിടെ നിന്നാണ് വന്നതെന്ന് തനിക്കറിയില്ലെന്നും അത് ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വികാസ് പറഞ്ഞു. ‘ഞാന്‍ ഒരു പ്ലംബറാണ്. എന്റെ ബാങ്ക് അക്കൗണ്ടില്‍ ഇത്രയും തുക ഉണ്ടാകാന്‍ ഒരു സാധ്യതയുമില്ല. ഈ പണം എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല’, അദ്ദേഹം പറഞ്ഞു. 1,300 രൂപ പിന്‍വലിച്ചതിന് ശേഷം തന്റെ അക്കൗണ്ടില്‍ 113 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ അക്കൗണ്ട് ബാലന്‍സ് പെട്ടെന്ന് 94 കോടി രൂപയും വൈകുന്നേരത്തോടെ ഇത് 294 കോടി രൂപയായും ഉയരുകയായിരുന്നുവെന്നും അയാള്‍ പറഞ്ഞു.

















