സിനിമാസ്റ്റൈലില്‍ ആശുപത്രിക്കുള്ളില്‍ കയറി രോഗിയെ വെടിവെച്ച് കൊന്ന് അഞ്ചംഗം സംഘം. ബിഹാറിലാണ് നടുക്കുന്ന സംഭവം.അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതില്‍ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചന്ദൻ മിശ്ര എന്നയാളെയാണ് ചികിത്സയിലിരിക്കെ ഇവർ കൊലപ്പെടുത്തിയത്.
നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയാണ് കൊല്ലപ്പെട്ട ചന്ദൻ മിശ്ര. ആരോഗ്യപരമായ കാരണങ്ങളാല്‍ ഇയാള്‍ പരോളിലിറങ്ങി ചികിത്സയിലായിരുന്നു. പട്നയിലെ പരാസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. ചന്ദൻ മിശ്രയുടെ എതിർ ഗ്രൂപ്പില്‍പ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.
‘ബിഹാറിലെ ബക്സർ സ്വദേശിയായ ചന്ദൻ മിശ്ര ഭഗല്‍പുർ ജയിലിലായിരുന്നു. പരോളിലിരിക്കെ പരാസ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. എതിർഗ്രൂപ്പുകാർ അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ ചന്ദൻ മിശ്ര ചികിത്സയ്ക്കിടെയാണ് കൊല്ലപ്പെട്ടത്’ പോലീസ് അറിയിച്ചു. ചന്ദൻ മിശ്രയുടെ എതിരാളി സംഘമായ ചന്ദൻ ഷേരു ഗ്യാങ്ങിലെ അംഗങ്ങളെ തങ്ങള്‍ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി കൊലപാതക കേസുകളിലൂടെ വാർത്തകളില്‍ ഇടംപിടിച്ച ബിഹാർ, ആശുപത്രിയിലുണ്ടായ പുതിയ സംഭവത്തിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. വ്യവസായി ഗോപാല്‍ ഖേംക, ബിജെപി നേതാവ് സുരേന്ദ്ര കേവത്, അഭിഭാഷകൻ ജിതേന്ദ്ര മഹാതോ തുടങ്ങിയവരാണ് സമീപ ദിവസങ്ങളില്‍ ബിഹാറില്‍ കൊല്ലപ്പെട്ടത്.നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ആർജെഡിയും കോണ്‍ഗ്രസ് ആയുധമാക്കിയതോടെ നിതീഷ് കുമാർ സർക്കാർ പ്രതിരോധത്തിലാണ്.

















