റേഷൻ വിതരണ രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി നരേന്ദ്ര മോദി സർക്കാർ. റേഷൻ കടകള്‍ വഴി അരിയും ഗോതമ്ബും വാങ്ങുന്നതിന് പകരം, അതിന്റെ വിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണമായി നല്‍കുന്ന പുതിയ നിയമം നടപ്പിലാക്കുന്നു. എസ്ബിഐയുമായി സഹകരിച്ച് വികസിപ്പിച്ച ‘ഇ-രൂപീ’ (e-RUPI) ഡിജിറ്റല്‍ വൗച്ചർ വഴിയാണ് ഈ സംവിധാനം പ്രവർത്തിക്കുക.
ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യം വേണോ അതോ പണം വേണോ എന്ന് ഇനി സ്വയം തീരുമാനിക്കാമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ കരുത്തില്‍ റേഷൻ രംഗത്തെ അഴിമതിയും കരിഞ്ചന്തയും പൂർണ്ണമായും തുടച്ചുനീക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നിലവില്‍ ചണ്ഡീഗഡ്, പുതുച്ചേരി, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആരംഭിച്ചു കഴിഞ്ഞു.
റേഷൻ വിഹിതം തട്ടിയെടുക്കുന്ന ഇടനിലക്കാരെയും കരിഞ്ചന്തക്കാരെയും തുരത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പരീക്ഷണ ഘട്ടത്തില്‍ തന്നെ 76,363 വ്യാജ റേഷൻ കാർഡുകള്‍ കണ്ടെത്താൻ കഴിഞ്ഞത് ഈ പുതിയ സാങ്കേതിക വിദ്യയുടെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നു. അർഹരായവർക്ക് മാത്രം ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ രാജ്യത്തിന്റെ സമ്ബത്ത് ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നു എന്ന് സർക്കാർ ഉറപ്പാക്കുന്നു.
ഈ പുതിയ സംവിധാനം പ്രകാരം, ഓരോ മാസവും റേഷൻ കാർഡ് ഉടമകളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒരു പ്രത്യേക ഇ-വൗച്ചർ എത്തും. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് 500 രൂപയോ 1000 രൂപയോ അതില്‍ കൂടുതലോ വൗച്ചറായി ലഭിക്കും. ഈ വൗച്ചർ ഉപയോഗിച്ച് റേഷൻ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം, അല്ലെങ്കില്‍ അത് പണമാക്കി മാറ്റി ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കാം. പൂർണ്ണമായും സുതാര്യമായ ഈ സംവിധാനം പാവപ്പെട്ടവരുടെ സ്വയംപര്യാപ്തതയ്ക്ക് കരുത്തേകും.

















