ഓണ്‍ലൈൻ തട്ടിപ്പുകാർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് വാടകക്കു നല്‍കിയ കേസില്‍ കോഴിക്കോട് സ്വദേശിനിയായ യുവതി പിടിയില്‍.ചെറുവണ്ണൂർ കൊളത്തറ സ്വദേശിനി മരക്കാൻകടവ് പറമ്ബില്‍ വീട്ടില്‍ ഫെമീനയെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ പേരില്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിയായ റിട്ട. അധ്യാപകനില്‍നിന്ന് 44.97 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. തട്ടിപ്പുകാർ ഏഴര ലക്ഷം രൂപയാണ് ഫെമിനയുടെ കോഴിക്കോട് ബേപ്പൂരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത്.
-->
ഈ തുക ഫെമീന ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ബന്ധുവായ ജാസിറിന് നല്‍കി. 50000 രൂപയാണ് ഇതിന് ഫെമീനക്ക് പ്രതിഫലം നല്‍കിയത്. ഫെമീന കേരള ഹൈകോടതിയില്‍ മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു.
മാർച്ച് മൂന്നു മുതല്‍ രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഫെമീന ഹാജരാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട്ടുനിന്ന് കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഫെമീനയെ റിമാൻഡ് ചെയ്തു.
തൃശൂർ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നിർദേശനാനുസരണം കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർ ബാബു ജോർജ്, എ.എസ്.ഐ മിനി, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ ധനേഷ്, കിരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക