വിവാഹത്തിന് ഭക്ഷണം തീർന്നതിന്‍റെ പേരില്‍ ഉണ്ടാകുന്ന അടിപിടികള്‍ പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ആലപ്പുഴയില്‍ വിവാഹ സദ്യക്ക് പപ്പടം തീർന്നതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ല് മലയാളികള്‍ മറന്നു കാണില്ല. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവമുണ്ടായത് അങ്ങ് ബീഹാറില്‍. ബോധ് ഗയയില്‍ ഒരു കല്യാണാഘോഷം രസഗുള തീർന്നതിനെ തുടർന്ന് കൂട്ടയടിയില്‍ കലാശിച്ചു. വധുവിന്‍റെയും വരന്‍റെയും കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് വിവാഹവും മുടങ്ങി.
തീർന്നു പോയ രസഗുള: നവംബർ 29 ന് ഒരു ഹോട്ടലില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. അതിഥികള്‍ക്ക് വിളമ്ബാറുള്ള പരമ്ബരാഗത മധുര പലഹാരമായ രസഗുള തീർന്നപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ചെറിയൊരു വാക്കുതർക്കമായി തുടങ്ങിയ സംഭവം അതിവേഗം വളർന്ന് കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നു. എന്തായാലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ വരന്‍റെ വീട്ടുകാർക്കെതിരെ സ്ത്രീധനം ആവശ്യപ്പെട്ടെന്നാരോപിച്ച് വധുവിന്‍റെ കുടുംബം പരാതി നല്‍കി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളില്ല. സിസിടിവി ദൃശ്യങ്ങള്‍ കണ്ട ഒരു അതിഥി സംഭവ ദിവസത്തെ ഓർത്ത് കുറിച്ചത്, സന്തോഷകരമായ ഒരു ഒത്തുചേരല്‍ യുദ്ധക്കളം പോലെയാണ് അവസാനിച്ചത്, കസേരകള്‍ പറക്കുകയും ആളുകള്‍ നിസാരമായ ഒരു വീഴ്ചയുടെ പേരില്‍ പരസ്പരം ആക്രമിക്കുകയും ചെയ്തുവെന്നായിരുന്നു. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തെ അപലപിച്ച് നിരവധി കമന്റുകള്‍ വന്നു.

















