രാജ്യത്ത് ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ പാർലമെന്റ് മണ്ഡല പുനർനിർണയ പ്രക്രിയയ്ക്ക് വേഗത കൂട്ടി കേന്ദ്ര സർക്കാർ.2029ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി മണ്ഡല പുനർനിർണയം പൂർത്തിയാക്കുന്നതിനായി പുതിയ ബില്‍ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന ഈ നീക്കത്തില്‍ വിപുലമായ രാഷ്ട്രീയ സമവായം രൂപീകരിക്കാനുള്ള ചർച്ചകളും ഇതോടൊപ്പം കേന്ദ്രം തുടങ്ങി.

വരാനിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തില്‍ പുതുക്കിയബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷവുമായി സമവായ ചർച്ചകള്‍ക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട്ചെയ്തു. ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാർട്ടികളുമായാണ് സർക്കാർ ചർച്ച നടത്തിയത്. മുമ്പ് ഈ പ്രക്രിയയില്‍ ശക്തമായ ആശങ്കകള്‍ രേഖപ്പെടുത്തിയിരുന്ന ഡി.എം.കെ കടുംപിടുത്തം പിടിക്കാതെ, സർക്കാരിന്റെ പുതുക്കിയ ബില്ലിന്റെ കരട് രൂപത്തിനായി കാത്തിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1971ലെ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ലോക്സഭയിലെ 543 മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് പുനർനിർണയിക്കുന്നതോടെ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയരും. ഇത് സംസ്ഥാനങ്ങളുടെ പ്രതിനിധ്യത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പ്രത്യേകിച്ച്‌ ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ലോക്സഭാ സീറ്റുകള്‍ നഷ്ടപ്പെടാനോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പ്രതിനിധ്യം കുറയാനോ കാരണമായേക്കാം.

പുതിയ ജനസംഖ്യാ കണക്കെടുപ്പ് നടത്താതെ തന്നെ മണ്ഡല പുനർനിർണയം നടത്താനും വനിതാ സംവരണം വേഗത്തില്‍ നടപ്പാക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ ഏപ്രിലില്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടിരുന്നു.

ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം (352 വോട്ടുകള്‍) നേടാൻ എൻ.ഡി.എ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല. പങ്കെടുത്ത 528 അംഗങ്ങളില്‍ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 230 പേർ എതിർത്തതോടെയാണ് ബില്ല് പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലാണ് മോദി സർക്കാർ സമവായ നീക്കം തുടങ്ങിയത്. മണ്ഡല പുനർനിർണയം പൊതുതെരഞ്ഞെടുപ്പിന് മുമ്പായി പ്രാവർത്തികമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക