പാലാ പോലീസും ക്രിമിനലകളും തമ്മിലുള്ള അന്തർധാരയ്ക്ക് യുഡിഎഫ് അധികാരത്തിൽ എത്തിയിട്ടും മാറ്റം ഒന്നുമില്ല എന്ന് വ്യക്തമാക്കുകയാണ്. ഡിവൈഎസ്പി മുതൽ എസ് ഐ വരെയുള്ളവർ സിപിഎം പോലീസ് ക്രിമിനൽ നെക്സസിന്റെ ഭാഗമായി തന്നെയാണ് ഇപ്പോഴും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. കള്ളമട ലോബി, കള്ളമണൽ ലോബി, ബ്ലേഡ് മാഫിയ മുതൽ പ്രകൃതിവിരുദ്ധ പീഡകരെ വരെ സംരക്ഷിക്കുന്ന നിലപാടാണ് തുടർച്ചയായി പാലാ പോലീസിൽ നിന്ന് ഉണ്ടാകുന്നത്. ഇത്തരം സംരക്ഷണം ഒരുക്കുന്നതിന് ചെറുതല്ലാത്ത കിമ്പളവും ഇവരുടെ കൈകളിലേക്ക് എത്തുന്നുണ്ട്.
നിരവധി ടിപ്പർ ലോറികളുടെ ഉടമയായ ആലിപ്പഴം വിനോദ് ബെൻസ് കാർ മേടിച്ചതുമായി ബന്ധപ്പെട്ട നടത്തിയ കോക്ടെയ്ൽ പാർട്ടിയിൽ പങ്കെടുത്ത് കള്ളടിച്ച് കുത്തി മറിഞ്ഞത് പല എസ്ഐ അടക്കം നിരവധി പോലീസ് ഉദ്യോഗസ്ഥരാണ്. ഈ വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് ജനുവരി മാസത്തിൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും ഈ വിഷയത്തിൽ ഒരന്വേഷണവും നടന്നിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. കള്ളമട, കള്ളമണൽ ലോബിയുമായുള്ള പാലാ പോലീസിന്റെ അന്തർധാര മൂലമാണ് വിഷയത്തിൽ അന്വേഷണം നടക്കാത്തതെന്നും വ്യക്തമാണ്.
ട്യൂഷന് ചെന്ന ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ട്യൂഷൻ അധ്യാപകനെതിരെയും ഇതുവരെയും പോലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. അയാൾക്ക് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിക്കും എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി വരുന്നതുവരെ അറസ്റ്റിലേക്ക് കടക്കാത്ത എന്നാണ് പോലീസ് പറയുന്ന ന്യായീകരണം. എന്നാൽ ഈ വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് കർശനമായ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരം അലഭാവം കാട്ടുന്നതെന്നും ആക്ഷേപമുണ്ട്.
പാലായിൽ പിടിമുറുക്കിയിരിക്കുന്ന സിപിഎം – പോലീസ് – ക്രിമിനൽ അന്തർധാരയെ വെച്ചുപൊറുപ്പിക്കുവാൻ കഴിയില്ല എന്ന അഭിപ്രായം യുഡിഎഫിൽ ശക്തമാണെങ്കിലും കാര്യക്ഷമമായ ഇടപെടൽ നടത്തുവാൻ യുഡിഎഫിന്റെയോ കോൺഗ്രസിന്റെയോ നേതൃത്വത്തിന് ഈ വിഷയത്തിൽ സാധിച്ചിട്ടില്ല. പോലീസിലെ ഉന്നതർ യുഡിഎഫിലെ സംസ്ഥാനതല നേതാക്കളെ ചാക്കിട്ട് പിടിച്ച് എങ്ങനെയും പാലായിൽ തുടരുവാനുള്ള കരുനീക്കം നടത്തുമ്പോൾ ഈ മാഫിയ സംഘങ്ങൾ പാലായിൽ തുടർന്നും വിലസുവാനുള്ള വഴികളാണ് തേടുന്നത്. സാധാരണക്കാരുടെ ന്യായമായ ആവശ്യങ്ങളോടു പോലും മുഖം തിരിച്ചു നിൽക്കുന്ന ക്രിമിനലുകൾക്ക് കുടപിടിക്കുന്ന ഈ സംഘത്തെ ഇനിയും വെച്ച് പൊറുപ്പിച്ചാൽ അത് പാലായുടെ സമാധാന അന്തരീക്ഷത്തെ തന്നെ ബാധിക്കും. അതുകൊണ്ടുതന്നെ വിഷയത്തിൽ അടിയന്തരമായി നേതാക്കളുടെ ഇടപെടൽ ഉണ്ടാകുവാനുള്ള നീക്കങ്ങളും പ്രാദേശിക തലത്തിൽ യുഡിഎഫ് നേതാക്കൾ നടത്തുന്നുണ്ട്.

















