സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബംഗാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയിരുന്നു.ഇവരാരും തിരികെ വരാത്തതാണ് കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മമത സർക്കാർ നിലംപതിക്കുകയും ബിജെപി സർക്കാർ അധികാരത്തില്‍ വരികയും ചെയ്തതോടെ തൊഴിലവസരങ്ങള്‍ സ്വന്തം നാട്ടില്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബംഗാളികള്‍.

നിർമാണം, ഹോട്ടല്‍, പ്ലൈവുഡ്, കൃഷി, ഗൃഹശുചീകരണം തുടങ്ങിയ മേഖലകളില്‍ ഇതോടെ തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ലഭ്യമായ തൊഴിലാളികള്‍ ഉയർന്ന കൂലി ആവശ്യപ്പെടുന്നതും ചെറുകിട വ്യാപാരികള്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും വലിയ തിരിച്ചടിയായി മാറുന്നുണ്ട്. വീടുകളും വാണിജ്യ കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള നിരവധി നിർമാണ പ്രവർത്തനങ്ങള്‍ തൊഴിലാളി ക്ഷാമം മൂലം പാതിവഴിയില്‍ നില്‍ക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസങ്ങള്‍ക്കകം പൂർത്തിയാക്കേണ്ട ജോലികള്‍ ആഴ്ചകളായി നീളുന്നതോടെ നിർമ്മാണ ചെലവും വർധിച്ചു. തൊഴിലാളികളെ ലഭ്യമാക്കാൻ കരാറുകാർ തമ്മില്‍ കടുത്ത മത്സരം നടക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി. പറമ്പ് വെട്ടിത്തെളിക്കല്‍, ഓട ശുചീകരണം, മേല്‍ക്കൂര അറ്റകുറ്റപ്പണി, മരംമുറി തുടങ്ങിയ ജോലികള്‍ക്ക് ആളെ കിട്ടാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ലഭിക്കുന്ന തൊഴിലാളികള്‍ ഉയർന്ന ദിവസവേതനം ആവശ്യപ്പെടുന്നതും ആശങ്ക വർധിപ്പിക്കുന്നു.

തൊഴിലാളി ക്ഷാമം ചെറിയ ഹോട്ടലുകളെയും ഭക്ഷണശാലകളെയും സാരമായി ബാധിച്ചു. പാചക തൊഴിലാളികളെയും സർവീസ് ജീവനക്കാരെയും കണ്ടെത്താൻ കഴിയാത്തതിനാല്‍ ചില ഹോട്ടലുകള്‍ പ്രവർത്തനം നിർത്തിയതായും നേരത്തെ അടച്ചുപൂട്ടിയ ചില സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഉടമകള്‍ പറയുന്നു.തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ ദിവസവേതനം വൻതോതില്‍ വർധിച്ചു. ചെറിയ ജോലികള്‍ പോലും ചെയ്യിപ്പിക്കാൻ സാധാരണ കുടുംബങ്ങള്‍ക്ക് കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. “ആളില്ല, ഉള്ളവർ പറയുന്ന കൂലി നല്‍കാനും കഴിയുന്നില്ല” എന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക