കോക്രോച്ച്‌ ജനതാ പാര്‍ട്ടി(സിജെപി)യുടെ മൂന്ന് വക്താക്കളെ പ്രഖ്യാപിച്ചു. മുഖ്യവക്താവായി അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തകന്‍ സൗരവ് ദാസിനെ നിയമിച്ചു.രാഷ്ട്രീയ ഗവേഷകനും ചലച്ചിത്രപ്രവര്‍ത്തകനുമായ വിജേത ദഹിയ, മുന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് അഷുതോഷ് രംഗ എന്നിവരെ സംഘടനയുടെ ഔദ്യോഗിക പ്രതിനിധികളായി തീരുമാനിച്ചതായും സിജെപി അറിയിച്ചു.

പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കുക, മാദ്ധ്യമങ്ങളുമായി സംവദിക്കുക, പൊതുജനങ്ങളുമായുള്ള ആശയവിനിമയം എന്നിവയാണ് മൂന്നംഗ സംഘത്തിന്റെ ഉത്തരവാദിത്തമെന്ന് സിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പൊതുജീവിതത്തിലേക്ക് പുതു തലമുറയെ കൊണ്ടുവരുന്നതിനും രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെ രാഷ്ട്രീയ അഭിപ്രായം വ്യക്തമാക്കാനും വേണ്ടിയാണ് ഇവരെ നിയമിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020-ലാണ് സൗരവ് ദാസ് മാദ്ധ്യമപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിക്കുന്നത്. നിയമ-സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സൗരവിന്റെ മാദ്ധ്യമപ്രവര്‍ത്തനം. ദ കാരവന്‍, ആര്‍ട്ടിക്കിള്‍14, അല്‍ ജസീറ, ദ വയര്‍, ദ ഹിന്ദു, ന്യൂ ലൈന്‍സ് മാഗസിന്‍ തുടങ്ങിയവയില്‍ ദാസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയാണ് അഷുതോഷ് രംഗ. ഐഐടി കാണ്‍പൂരില്‍ നിന്ന് മെറ്റീരിയല്‍ സയന്‍സില്‍ ബിടെക് കരസ്ഥമാക്കിയ അഷുതോഷ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിലവില്‍ മുഴുവൻ സമയവും രാഷ്ട്രീയത്തില്‍ സജീവമാകാനാണ് അഷുതോഷ് രംഗയുടെ തീരുമാനം.

സാമൂഹ്യ മാദ്ധ്യമ പേജുകളിലൂടെ രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ അഭിപ്രായം പറഞ്ഞ് ശ്രദ്ധേയനായ വ്യക്തിയാണ് വിജേത ദഹിയ. പവര്‍ ഓഫ് യൂണിവേഴ്‌സ്, ടു ഹെല്‍ വിത്ത് ദാറ്റ് ജോബ് എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും വിജേത ദഹിയ രചിച്ചിട്ടുണ്ട്. ഇതിന് പുറമെ രണ്ട് സിനിമകള്‍ക്ക് കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പരീക്ഷകള്‍, ഭരണം, പൊതു ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ സജീവമാകാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മൂന്നു വക്താക്കളെ നിയമിച്ചുകൊണ്ടുള്ള കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പുതിയ നീക്കം. മാത്രമല്ല കഴിഞ്ഞ ദിവസം പ്രമുഖര്‍ കോക്രോച്ച്‌ പാര്‍ട്ടിയില്‍ ചേരുമെന്ന് സിജെപിയുടെ സ്ഥാപകനായ അഭിജീത്ത് ദീപ്‌കേ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക