ഭോപ്പാലില്‍ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ത്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു.മധ്യപ്രദേശ് ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച ഭോപ്പാലില്‍ വെച്ച്‌ സിബിഐ ഇവരെ കസ്റ്റഡിയിലെടുത്തത്.

കേസില്‍ ഗിരിബാലയുടെ മകനും ട്വിഷയുടെ ഭർത്താവുമായ സമർത്ഥ് സിംഗ് കഴിഞ്ഞ ആഴ്ച കോടതിയില്‍ കീഴടങ്ങിയിരുന്നു.മേയ് 12-നാണ് ത്വിഷ ശർമയെ ഭർതൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേയ് 15-ന് ഭോപ്പാല്‍ അഡീഷണല്‍ സെഷൻസ് കോടതി ഗിരിബാലയ്ക്ക് അനുവദിച്ച ഇടക്കാല ആശ്വാസം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. ത്വിഷയുടെ ശരീരത്തില്‍ മരണത്തിന് തൊട്ടുമുമ്പുണ്ടായ ഏഴോളം പരിക്കുകളുണ്ടായിരുന്നുവെന്നും, ഇത് ഗുരുതരമായ കുറ്റകൃത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ, നിരവധി നോട്ടീസുകള്‍ നല്‍കിയിട്ടും ഗിരിബാല അന്വേഷണത്തോട് സഹകരിച്ചില്ലെന്നും വാട്സ്‌ആപ്പ് ചാറ്റുകള്‍ ത്വിഷ നേരിട്ട മാനസിക പീഡനത്തിന് തെളിവാണെന്നും അഡ്വക്കേറ്റ് ജനറല്‍ പ്രശാന്ത് സിംഗ് വ്യക്തമാക്കി. സൈബർ ക്രൈം, സൈബർ ഫോറൻസിക്സ്, ക്രൈം സീൻ മാനേജ്മെന്റ് എന്നിവയില്‍ വിദഗ്ധ പരിശീലനം ലഭിച്ച റിട്ടയേർഡ് ജുഡീഷ്യല്‍ ഓഫീസറാണ് ഗിരിബാല സിംഗ്. തന്റെ ഈ ഔദ്യോഗിക പശ്ചാത്തലവും അറിവും ഉപയോഗിച്ച്‌ ഇവർ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണത്തെ വഴിതിരിച്ചുവിടാനും സാധ്യതയുണ്ടെന്ന ഗുരുതരമായ ആരോപണവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിവാഹത്തിന് ശേഷം ആദ്യ ദിവസം മുതല്‍ ഭർത്താവ് സമർത്ഥും അമ്മായിയമ്മ ഗിരിബാലയും ചേർന്ന് ട്വിഷയെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന്റെ അന്വേഷണം സംസ്ഥാന പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തത്. സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് സിബിഐ എഫ്‌ഐആർ റീ-രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് പെണ്‍കുട്ടി ഭർതൃഗൃഹത്തിലേക്ക് പോകുന്ന സമയത്ത് ഗിരിബാല രണ്ട് ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാർ ഇത് നല്‍കിയിരുന്നതായും സിബിഐ എഫ്‌ഐആറില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക