പിഎ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയുമായി എൻ ശക്തൻ എംഎല്‍എ.ഇടതുപക്ഷക്കാരനായ ജയദാസിനെ പിഎ ആയി നിയമിച്ചെന്ന ആരോപണവുമായാണ് ശക്തനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസുകാർ രംഗത്തെത്തിയത്. എന്നാല്‍ ഈ പ്രചരണം തീർത്തും തെറ്റാണെന്ന് ശക്തൻ ഫേസ്ബുക്കില്‍ കുറിച്ചു.

പിഎ നിയമനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും, നെയ്യാറ്റിൻകരയില്‍ താൻ സ്ഥാനാർഥിയാകുമെന്ന് കേട്ടപ്പോള്‍ തന്നെ സ്ഥാനാർഥി ആക്കാതിരിക്കാൻ വേണ്ടി ശ്രമിച്ചതും, മന്ത്രിയാക്കാതിരിക്കാൻ ശ്രമം നടത്തിയതും ചെങ്കല്‍ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ്, അവരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നിലെന്നും ശക്തൻ തുറന്നടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയമായി തന്നെ അപമാനിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശക്തൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് സാധാരണ 3000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണ് ചെങ്കല്‍. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ എനിക്ക് 1000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നിന്ന് ലഭിച്ചത്. ഇതിന് പിന്നിലും ഇതേ ടീമാണ് പ്രവർത്തിച്ചത്. എന്നെ മന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് തോന്നിയപ്പോള്‍ നേതാക്കളെ കണ്ട് മന്ത്രിയാക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതും ഇതേ ടീമാണ്- ശക്തൻ ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

പ്രിയമുള്ളവരേ,

എന്റെ PA നിയമനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി നടക്കുന്ന തെറ്റായ പ്രചരണങ്ങളുടെ യഥാർത്യം ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നതിനാണ് ഈ കുറിപ്പ്. അന്തരിച്ച ജി കാർത്തികേയൻ നിയമസഭ സ്പീക്കർ ആയിരുന്ന കാലഘട്ടതാണ് അഗ്രിക്കള്‍ച്ചർ ഓഫീസർ ആയി ശ്രീ ജയദാസിനെ നിയമസഭയില്‍ നിയമിച്ചത് തുടർന്ന് ഞാൻ സ്പീക്കർ ആയിരുന്ന സമയത്തും അഗ്രികള്‍ച്ചർ ഓഫീസർ ആയി പ്രവർത്തിച്ചു.തുടർന്ന് വന്ന ഇടതുപക്ഷ സർക്കാർ ജയദാസിനെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ ജില്ലയിലേക്ക് ട്രാൻസ്ഫർ ചെയ്തു അവിടെ 6 വർഷം ജോലി ചെയ്തു.

ശ്രീ ജയദാസ് ഇടത്പക്ഷക്കാരൻ ആണെങ്കില്‍ ശ്രീ ജി കാർത്തികേയൻ നിയമസഭയില്‍ അഗ്രിക്കള്‍ച്ചർ ഓഫീസർ ആയി നിയമിക്കുമോ? ഇടത്പക്ഷക്കാരൻ ആണെങ്കില്‍ ഇടത് പക്ഷ സർക്കാർ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ ചെയ്യുമോ? തികഞ്ഞ കോണ്‍ഗ്രസ്സ് അനുഭാവമുള്ള കുടുംബത്തിലെ വ്യക്തിയാണ് ജയദാസ് ഇദ്ദേഹത്തിന്റെ കുടുംബം ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാട്ടാക്കടയില്‍ MR ബൈജുവിന് വേണ്ടിയും,നേമത്ത് ശബരിനാഥന് വേണ്ടിയും നെയ്യാറ്റിൻകരയില്‍ എനിക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തവരാണ്. സോഷ്യല്‍ മീഡിയ വഴി അസത്യപ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം രാഷ്ട്രീയമായി എന്നെ അപമാനിക്കുക എന്ന് മാത്രമാണ്.

നെയ്യാറ്റിൻകരയില്‍ ഞാൻ സ്ഥാനാർഥി ആകും എന്ന് കേട്ടപ്പോള്‍ തന്നെ എന്നെ സ്ഥാനാർഥി ആക്കാതിരിക്കാൻ വേണ്ടി ശ്രെമിച്ച ചെങ്കല്‍ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് സാധാരണ 3000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണ് ചെങ്കല്‍ എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ എനിക്ക് 1000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നിന്ന് ലഭിച്ചത് ഇതിന് പിന്നിലും ഇതേ ടീമാണ് പ്രവർത്തിച്ചത്.

എന്നെ മന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് തോന്നിയപ്പോള്‍ നേതാക്കളെ കണ്ട് മന്ത്രിയാക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതും ഇതേ ടീമാണ്. നെയ്യാറ്റിൻകരയിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരത്തില്‍ വിറളിപൂണ്ട് നാടിനും പാർട്ടിക്കും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ ഉള്ള നുണ പ്രചാരണങ്ങള്‍ നടത്തുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ പ്രിയപ്പെട്ട ജനങ്ങളും പാർട്ടിക്കാരും തയ്യാറാകണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക