കർണാടക രാഷ്ട്രീയത്തില്‍ (Karnataka Politics) ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന നേതൃമാറ്റ ചർച്ചകള്‍ക്ക് ഒടുവില്‍ ക്ലൈമാക്സ്.ഒരു രാഷ്ട്രീയ യുഗത്തിന് അടിവരയിട്ടുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ (78) പടിയിറങ്ങുമ്പോള്‍, കർണാടകയുടെ ഭരണം ഇനി കോണ്‍ഗ്രസിൻ്റെ ഡി കെ ശിവകുമാറിന്റെ കൈകളിലേക്ക്.

കോണ്‍ഗ്രസ് ഹൈക്കമാൻഡിൻ്റെ മുൻധാരണ പ്രകാരം മൂന്ന് വർഷത്തെ ഭരണം പൂർത്തിയാക്കിയാണ് ഒടുവില്‍ സിദ്ധരാമയ്യ തൻ്റെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യയുടെ പിൻഗാമിയായി ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന പ്രഭാത-ഭക്ഷണ സംഭാഷണത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഡി കെ ശിവകുമാറിൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. മന്ത്രി സഭയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. സിദ്ധരാമയ്യയുടെ വിശ്വസ്തർ ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോർട്ടുകളുണ്ട്. കെപിസിസി അധ്യക്ഷനെയും സിദ്ധരാമയ്യ തന്നെ നിർദേശിക്കുമെന്നാണ് വിവരം.

നിലവില്‍ ചേരിതിരിഞ്ഞുനില്‍ക്കുന്ന സമീപനം ഉപേക്ഷിച്ച്‌ വരാനിരിക്കുന്ന മുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിന് പരിപൂർണ പിന്തുണ നല്‍കണം എന്നുകൂടി അദ്ദേഹം സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും രാജി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പറഞ്ഞിരുന്നു. ഡി കെ ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച (നാളെ) കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും.

സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും കർണാടകയില്‍ എംഎല്‍സിയായ മകൻ യതീന്ദ്രയ്ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവുമാണ് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സമ്മർദത്തിലൂടെ മകനെ ഉപമുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകള്‍ അതിനിടെ പുറത്തുവന്നിരുന്നു. ഒബിസി മുഖ്യമന്ത്രിയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാല്‍, ദളിത്, ഒബിസി, ന്യൂനപക്ഷ, ലിംഗായത്ത് വിഭാഗങ്ങള്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കുന്ന ഫോർമുലകളും ആലോചിക്കുന്നതായാണ് കർണാടകയില്‍ നിന്നുള്ള സൂചന.

രാജിക്ക് ശേഷം സിദ്ധരാമയ്യ രാജ്യസഭയിലേക്ക് മാറുമെന്നാണ് സൂചനകള്‍. നാളെ ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. ഗവർണർ താവർചന്ദ് ഗെലോട്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇൻഡോറിലായതിനാല്‍, സിദ്ധരാമയ്യ തന്റെ രാജിപ്പത്രം ഔദ്യോഗികമായി രാജ്ഭവൻ സെക്രട്ടറിക്ക് കൈമാറും. തുടർന്ന് വൈകുന്നേരത്തോടെ ഗവർണർ ബെംഗളൂരുവില്‍ തിരിച്ചെത്തുന്നതോടെ രാജി അംഗീകരിക്കും.

നാളെ ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷം വരും ദിവസങ്ങളില്‍ തന്നെ ഡികെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഔദ്യോഗിക അറിയിപ്പ് പുറത്തുവരും. രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കൊടുവില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ച മുതിർന്ന നേതാവ് സിദ്ധരാമയ്യയുടെ കാല്‍തൊട്ട് വന്ദിച്ച്‌ ഡി കെ ശിവകുമാർ അനുഗ്രഹം വാങ്ങിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക