കെപിസിസി അധ്യക്ഷനായി പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. കെ സുധാകരന്റെ വൈകാരിക പ്രകടനം കോൺഗ്രസ് ഹൈക്കമാൻഡ് അവഗണിക്കുകയില്ല. സുധാകരനെ എഐസിസി വർക്കിംഗ് കമ്മിറ്റിയിലും, സംസ്ഥാനത്ത് രൂപീകരിക്കുവാൻ പോകുന്ന കോൺഗ്രസ് കോർ ഗ്രൂപ്പിലും ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ജാതിമത സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് നിയമനം എങ്കിലും കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെ പാർട്ടിക്കുള്ളിൽ ഉയർന്നുവന്ന നേതാവാണ് ആന്റോ ആന്റണി.
കോട്ടയം ഡിസിസി അധ്യക്ഷൻ എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. 2004ൽ പാർലമെന്റിലേക്ക് കോട്ടയം മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ട ആന്റോ 2009 പത്തനംതിട്ട പാർലമെൻറ് മണ്ഡലം രൂപീകൃതമായ അന്നുമുതൽ തുടർച്ചയായ നാല് വട്ടമാണ് അവിടെ വിജയിച്ച് ഇപ്പോഴും എംപിയായി തുടരുന്നത്. ബിജെപിയും സിപിഎമ്മും ഉയർത്തിയ വൻ വെല്ലുവിളികളെ അതിജീവിച്ചാണ് നാലുവട്ടവും ഇദ്ദേഹം പത്തനംതിട്ട നിലനിർത്തിയത്. ശബരിമലയുടെ മണ്ണിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ആരോഗ്യമന്ത്രി വീണ ജോർജ്, മുൻധാന കാര്യമന്ത്രി ടി എം തോമസ് ഐസക്ക് തുടങ്ങിയ വമ്പൻമാരെയാണ് ആന്റോ വീഴ്ത്തിയത്.
പിസി ജോർജ് എന്നും ശത്രുപക്ഷത്ത് നിർത്തിയിട്ടുള്ള നേതാവാണ് ആന്റോ ആൻറണി. 2014ലും 19ലും 24ലും ആന്റോയെ പത്തനംതിട്ടയിൽ പരാജയപ്പെടുത്തുമെന്ന് പിസി ജോർജ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു എങ്കിലും ജോർജിന്റെ തട്ടകമായ പൂഞ്ഞാറിൽ അടക്കം വൻഭൂരിപക്ഷം നേടിയാണ് ആന്റോ വിജയിച്ചത്. 2014ൽ പൂഞ്ഞാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജോർജിന്റെ അനുയായികളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പലവട്ടം സംഘർഷം ഉണ്ടാവുകയും ഫലപ്രഖ്യാപനത്തിനുശേഷം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈരാറ്റുപേട്ട ടൗണിൽ ഇട്ട് ഷോൺ ജോർജിനെ മർദ്ദിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ വേണ്ടിവന്നാൽ വാടാ പോടാ രാഷ്ട്രീയം കൈകാര്യം ചെയ്യാൻ ഉൾപ്പെടെ അറിയാവുന്ന നേതാവാണ് കെപിസിസി പദവിയിലേക്ക് എത്തുമെന്ന് കരുതപ്പെടുന്നത്.
ആദ്യമെത്തുക ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക്
കെപിസിസി അധ്യക്ഷനായി നിയമനം ഉണ്ടായാൽ ഉടൻ ആന്റോ ആന്റണി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതിനായി മുൻ നിശ്ചയിച്ച പരിപാടികൾ ഒഴിവാക്കി ചാണ്ടി ഉമ്മൻ എംഎൽഎ പുതുപ്പള്ളിയിൽ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. ക്രൈസ്തവഴതാത്പര്യവും മധ്യതിരിവിതാംകൂറിലെ കോൺഗ്രസ് സാധ്യതകളും മുൻനിർത്തിയാണ് ആന്റോ ആന്റണിയുടെ പേരിലേക്ക് ഹൈക്കമാൻഡ് എത്തിയതെന്നാണ് സൂചന.

















