മുൻ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ താൻ മൊഴിമാറ്റിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകള്‍ തെറ്റാണെന്ന് പരാതിക്കാരി വ്യക്തമാക്കി. കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി യാതൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും അവർ പറഞ്ഞു. കോടതി കേസ് പരിഗണിക്കവെ പരാതിക്കാരി മൊഴിമാറ്റിയെന്ന തരത്തില്‍ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരം വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരി പ്രതികരിച്ചു.
നെയ്യാറ്റിൻകര കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് വിശദീകരണം. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയും പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. പ്രതികളെ തിരിച്ചറിയുന്ന നടപടിക്കിടെയാണ് പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതോടെ കേസ് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അടച്ചിട്ട കോടതിയിലായിരുന്നു വിചാരണ.
തിരിച്ചറിയല്‍ പരേഡിനായി പ്രതിക്കൂട്ടില്‍ നാലുപേർ ഉണ്ടായിരുന്നുവെന്നും അവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞ ശേഷമാണ് ആരോഗ്യപ്രശ്നമുണ്ടായതെന്നും പരാതിക്കാരി പറഞ്ഞു. തുടർന്ന് കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ആശുപത്രിയിലേക്ക് മടങ്ങുകയുമായിരുന്നു.കേസില്‍ നിന്ന് പിന്മാറാൻ ശക്തമായ സമ്മർദങ്ങള്‍ നേരിടുന്നുണ്ടെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് താനെന്ന് പരാതിക്കാരി വ്യക്തമാക്കി. പ്രതികളെ തിരിച്ചറിയുന്ന നടപടികള്‍ മാത്രമാണ് ഇതുവരെ നടന്നതെന്നും മൊഴിമാറ്റിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.






