കേരളത്തിലെ കെപിസിസി അധ്യക്ഷ പദവി ആന്റോ ആന്റണിക്ക് നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിൽ. ആന്റോയുടെ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ച ഘടകങ്ങൾ തന്നെയാണ് സണ്ണി ജോസഫിന്റെ നിയമനത്തിലേക്ക് വഴിയൊരുക്കിയത് എന്ന് വേണമെങ്കിൽ പറയാം. കത്തോലിക്കാ വിഭാഗത്തിൽ നിന്ന് ഒരു കെപിസിസി അധ്യക്ഷൻ എന്ന നിലയിലാണ് ആന്റോ ആന്റണിയുടെ പേര് പരിഗണനയ്ക്ക് വന്നത്. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് അതേ വിഭാഗത്തിൽ നിന്നുള്ള തന്റെ വിശ്വസ്തനായ നേതാവ് സണ്ണി ജോസഫിന് കെ സുധാകരൻ നിർദ്ദേശിച്ചതും. കെ സി വേണുഗോപാലിന്റെയും വിഡി സതീശന്റെയും താല്പര്യമായിരുന്ന ആന്റോ ആന്റണിക്ക് പകരം തൻറെ അനുയായിയെ അധ്യക്ഷപദവിയിലേക്ക് എത്തിക്കുന്നതിൽ കെ സുധാകരൻ വിജയിക്കുകയും ചെയ്തു.
എന്നാൽ ഏറെക്കുറെ പദവി ഉറപ്പിച്ചിരുന്ന ആന്റോയ്ക്ക് എതിരെ കേരളത്തിൽ വിരുദ്ധ വികാരം ആളിക്കത്തിച്ചത് കെ മുരളീധരൻ നടത്തിയ പ്രസ്താവനയാണ്. കേരളത്തിൽ ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടുണ്ടെങ്കിൽ അതും കെ മുരളീധരൻ തന്നെയാണ്. ഏറ്റവും ചുരുങ്ങിയ പക്ഷം പോസ്റ്റർ കണ്ടാൽ പ്രവർത്തകർക്ക് മനസ്സിലാകുന്ന ഒരാളെ കെപിസിസി അധ്യക്ഷൻ ആക്കണം എന്നായിരുന്നു മുരളിയുടെ പരിഹാസം. ഇത് ഏറ്റുപിടിച്ചുകൊണ്ടാണ് ആന്റോ ആന്റണിക്കെതിരെ പരാതി പ്രവാഹവും, സൈബർ ആക്രമണവും ആരംഭിച്ചത്.
ആന്റോ ആന്റണിക്കെതിരെ ഓൺലൈൻ മാധ്യമ ചർച്ചകളിലും സ്വന്തം ചാനലിലെ വീഡിയോയിലും ഏറ്റവും വലിയ കടന്നാക്രമണം നടത്തിയത് കെഎം ഷാജഹാൻ ആണ്. പല ഓൺലൈൻ മാധ്യമങ്ങളും ആന്റോ വിരുദ്ധ വാർത്തകളും വീഡിയോകളും പുറത്തുവിട്ടതിന് പിന്നിലും ഷാജഹാന്റെ ഇടപെടലുകൾ ഉണ്ട് എന്ന് സംശയിക്കപ്പെടുന്നു. ഷാജഹാൻ ആന്റോ ആന്റണിക്കെതിരെ മാത്രമല്ല കെ സി വേണുഗോപാലിനെതിരെയും രൂക്ഷമായ സൈബർ ആക്രമണമാണ് നടത്തിയത്.
കെ എം ഷാജഹാനുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാനാണ്. കെപിസിസി അധ്യക്ഷ പദവി ബെന്നി ബഹനാൻ ഏറെ ആഗ്രഹിച്ചിരുന്നതും ആണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഗ്രൂപ്പിനെ നിയന്ത്രിച്ചതും നയിച്ചതും ബെന്നി ബഹനായിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയുടെ മരണശേഷം കെട്ടുറപ്പോടെ എ ഗ്രൂപ്പിനെ പിടിച്ചു നിർത്തുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇതുതന്നെയാണ് പാർട്ടിയിലെ വളർച്ചയ്ക്ക് ബെന്നി ബഹനാന് വിഘാതമായതും. എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ആന്റോ ആന്റണി കെ സി വേണുഗോപാലിൻറെ നോമിനിയായി കെപിസിസി അധ്യക്ഷ പദവിയിലെത്തുന്നത് തടയാനായി ബെന്നി ബഹനാൻ കെഎം ഷാജഹാനെ കൂട്ടുപിടിച്ചു നീക്കങ്ങൾ നടത്തിയോ എന്ന സംശയങ്ങളും കോൺഗ്രസിനുള്ളിൽ ശക്തമാണ്.

















