പലപ്പോഴും ഫോണിലേക്ക് മാത്രം നോക്കി നടക്കുമ്ബോള്‍ ചുറ്റുമുള്ള പല രസകരമായ കാര്യങ്ങളും നാം ശ്രദ്ധിക്കാതെ പോകാറുണ്ട്.എന്നാല്‍ കർണാടകയിലെ തെരുവോരങ്ങളിലൂടെ യാത്ര ചെയ്ത ഒരു യുവതിയുടെ നിരീക്ഷണം ഇന്ന് ഇന്‍റർനെറ്റില്‍ വലിയൊരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ബെംഗളൂരുവില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി, കർണാടകയിലുടനീളം യാത്ര ചെയ്യവേ പണി നടന്നുകൊണ്ടിരിക്കുന്ന പല കെട്ടിടങ്ങളിലും ഒരേ സ്ത്രീയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകള്‍ ശ്രദ്ധിച്ചു.സാരിയുടുത്ത്, കണ്ണുകള്‍ തള്ളി, അമ്ബരപ്പോടെ നോക്കുന്ന ആ സ്ത്രീയുടെ മുഖം എന്തിനാണ് എല്ലായിടത്തും ഒരേപോലെ പ്രത്യക്ഷപ്പെടുന്നത് എന്ന ആകാംക്ഷ അവരെ പിന്തുടർന്നു.ഗൂഗിള്‍ ലെൻസ് ഉള്‍പ്പെടെയുള്ള ആധുനിക മാർഗങ്ങള്‍ ഉപയോഗിച്ച് ആളെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെടുകയായിരുന്നു. അവർ ഈ നിഗൂഢത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്.
സാധാരണയായി പുതിയ വീടുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കണ്ണുതട്ടാതിരിക്കാൻ ‘ദൃഷ്ടി ബൊമ്മകള്‍’ സ്ഥാപിക്കാറുണ്ട്. ഭീകരരൂപമുള്ള മുഖങ്ങളോ കരിമ്ബൊട്ടുകളോ ആണ് ഇതിനായി പണ്ടുമുതലേ ഉപയോഗിച്ചു വരുന്നത്.എന്നാല്‍ പുതിയ കാലത്തെ നിർമ്മാണ സൈറ്റുകളില്‍ ഈ പരമ്ബരാഗത രീതിക്ക് ഒരു മാറ്റം വന്നതായാണ് സോഷ്യല്‍ മീഡിയയിലെ സംവാദങ്ങള്‍ സൂചിപ്പിക്കുന്നത്.ഒരു വിഭാഗം ആളുകള്‍ ഇതിനെ ആധുനിക രീതിയിലുള്ള ദൃഷ്ടിദോഷം മാറ്റാനുള്ള മാർഗമായി വിശേഷിപ്പിച്ചപ്പോള്‍, ഇന്‍റർനെറ്റ് മീമുകള്‍ സാധാരണക്കാരുടെ വിശ്വാസങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിന്‍റെ ഉദാഹരണമാണ് ഇതെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.
ഈ ദുരൂഹതയ്ക്ക് വിരല്‍ ചൂണ്ടുന്ന വ്യക്തമായ മറുപടി ലഭിച്ചത് ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ചാറ്റ്ബോട്ടില്‍ നിന്നാണ്. പോസ്റ്ററിലെ ആ മുഖം കർണാടകയില്‍ നിന്നുള്ള “നിഹാരിക റാവു’ എന്ന യൂട്യൂബറുടേതാണെന്ന് എഐ കണ്ടെത്തുകയായിരുന്നു.2023-ല്‍ നിഹാരികയുടെ ഒരു വീഡിയോയിലെ അമ്ബരന്ന് നില്‍ക്കുന്ന ഭാവം വലിയ രീതിയില്‍ ട്രോളുകള്‍ക്കും മീമുകള്‍ക്കും കാരണമായിരുന്നു. ആ തമാശ പിന്നീട് കർണാടകയിലെ കെട്ടിട നിർമ്മാതാക്കള്‍ക്കിടയില്‍ പുതിയ രീതിയായി മാറുകയായിരുന്നു.
കള്ളന്മാരെ പേടിപ്പിക്കാനോ അല്ലെങ്കില്‍ ആരെങ്കിലും നോക്കിയാല്‍ പെട്ടെന്ന് ശ്രദ്ധ മാറാനോ ഇത്തരം വിചിത്രമായ ഭാവങ്ങള്‍ സഹായിക്കുമെന്ന ചിന്തയാകാം ഈ പ്രവണതയ്ക്ക് പിന്നിലെന്നു കരുതപ്പെടുന്നു.ഡിജിറ്റല്‍ യുഗത്തിലെ മീം സംസ്കാരം എങ്ങനെയാണ് നാട്ടിൻപുറത്തെ വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ഇഴചേർന്ന് കിടക്കുന്നത് എന്നതിന്‍റെ കൗതുകകരമായ നേർക്കാഴ്ചയാണിത്.

















