ബംഗ്ലാദേശില്‍ ബലി പെരുന്നാളിന് മുന്നോടിയായി വില്‍ക്കാൻ വച്ചിരിക്കുന്ന രണ്ട് പോത്തുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.അതിന് കാരണം മറ്റൊന്നുമല്ല അവയുടെ പേരുകളാണ്. അതിലെ വളരെ ഫേമസായ പോത്താണ് ‘ഡൊണാള്‍ഡ് ട്രംപ്’.
‘ദി ബിസിനസ് സ്റ്റാൻഡേർഡ്’ റിപ്പോർട്ട് അനുസരിച്ച്, നാരായണ്‍ഗഞ്ചിലെ പൈക്പാറ പ്രദേശത്തുള്ള, ഏകദേശം 700 കിലോഗ്രാം ഭാരമുള്ള ആല്‍ബിനോ പോത്താണ് ഇത്. തലയില്‍ സ്വർണ്ണനിറത്തിലുള്ള രോമങ്ങളുള്ള ഈ പോത്തിന് യുഎസ് പ്രസിഡന്റുമായി നല്ല സാമ്യമുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ നിരീക്ഷണം.
10 മാസം മുമ്പ് രാജ്ഷാഹിയിലെ ഒരു കന്നുകാലി ചന്തയില്‍ നിന്നാണ് ഇതിനെ വാങ്ങിയതെന്ന് ഫാം ഉടമ സിയാവുദ്ദീൻ മൃദ വെളിപ്പെടുത്തുന്നു. ‘തലയിലെ രോമങ്ങള്‍ കണ്ടപ്പോള്‍ എന്റെ അനിയൻ തമാശയ്ക്കാണ് ഇതിന് ഡൊണാള്‍ഡ് ട്രംപ് എന്ന് പേരിട്ടത്’ എന്നും അദ്ദേഹം പറയുന്നു. ‘ഇത് വളരെ ശാന്തസ്വഭാവമുള്ളതാണ്. ആല്‍ബിനോ പോത്തുകള്‍ പൊതുവെ സമാധാനപ്രിയരാണ്, ഉപദ്രവിക്കാത്തപക്ഷം അവ അക്രമകാരികളാകാറില്ല’ എന്നും ഈ പോത്തിനെ ഇതിനകം തന്നെ വിറ്റുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ കണ്ടാണ് താൻ അതിനെ കാണാൻ വന്നതെന്നും ഇതിന്റെ മുഖഭാവവും ഹെയർസ്റ്റൈലും ട്രംപിന്റേത് പോലെ തന്നെയുണ്ട് എന്നും ഒരു സ്ത്രീ ബംഗ്ലാദേശ് പത്രമായ ‘പ്രഥം ആലോ’യോട് പറഞ്ഞു. എന്നാല്‍, ട്രംപില്‍ നിന്നുള്ള പ്രധാന വ്യത്യാസം ഈ പോത്ത് വളരെ ശാന്തനും മാന്യനുമാണ് എന്നതാണെന്നും അവർ പറയുന്നു. വീഡിയോയും വാർത്തയും കണ്ട് ഇത് വെറുതെ പറയുന്നതാണ് എന്ന് കരുതി പോത്തിനെ കണ്ട് സ്ഥിരീകരിക്കാനെത്തിയവരും പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത് ഇത് ട്രംപിനെ പോലെയുണ്ട് എന്നാണത്രെ. മൃദയുടെ അഭിപ്രായത്തില്‍, ദക്ഷിണേഷ്യയില്‍ ആല്‍ബിനോ പോത്തുകള്‍ വളരെ അപൂർവ്വമാണ്. ചോളം, സോയാബീൻ, തവിട് എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണമാണ് ഇതിന്റെ വലിപ്പത്തിനും ആരോഗ്യകരമായ രൂപത്തിനും കാരണം.
ഏതായാലും ട്രംപ് കൊണ്ട് തീർന്നില്ല, ഇതോടൊപ്പം തന്നെ 750 കിലോഗ്രാമിലധികം ഭാരമുള്ള രണ്ടാമതൊരു പോത്തും ശ്രദ്ധ നേടുന്നുണ്ട്. ‘ബെഞ്ചമിൻ നെതന്യാഹു’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഈ പോത്ത് വളരെ ആക്ടീവാണെന്നും കുസൃതിക്കാരനുമാണെന്നാണ് ഫാം തൊഴിലാളികള്‍ പറയുന്നു.

















