യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി എല്ലാ റോഡുകളും അടച്ചതോടെ ന്യൂയോര്‍ക്കിലെ തെരുവില്‍ കുടുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഐക്യരാഷ്ര്‌ടസഭയുടെ പൊതുസമ്മേളനത്തിലെ (യു.എന്‍.ജി.എ) പ്രസംഗത്തിനുശേഷം എംബസിയിലേക്ക് മടങ്ങുന്നതിനിടെയാണ് മാക്രോണിനെ ന്യൂയോര്‍ക്ക് പോലീസ് തടഞ്ഞത്.എല്ലാ റോഡുകളും അടച്ചതിനെ തുടര്‍ന്ന് മാക്രോണിന്റെ വാഹനവ്യൂഹം വഴിയില്‍ കുടുങ്ങുകയായിരുന്നു.
തുടര്‍ന്ന് മാക്രോണ്‍ കാറില്‍ നിന്നിറങ്ങി റോഡ് തടഞ്ഞതിനെക്കുറിച്ച് പോലീസിനോട് അന്വേഷിച്ചു. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനാലാണ് വഴിയടച്ചതെന്ന് പോലീസ് അറിയിച്ചപ്പോള്‍, മാക്രോണ്‍ തെരുവില്‍ നിന്നുകൊണ്ട് തന്നെ തമാശരൂപേണ യു.എസ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു.ന്യൂയോര്‍ക്ക് ജനക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു മാക്രോണിന്റെ ഈ പ്രവൃത്തി.ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുഖമാണോയെന്ന് ട്രംപിനോട് മാക്രോണ്‍ കുശലാന്വേഷണം നടത്തുന്നതും വഴികള്‍ അടച്ചിരിക്കുന്നതിനാല്‍ താന്‍ തെരുവില്‍ കാത്തുനില്‍ക്കുകയാണെന്ന് ചിരിയോടെ ട്രംപിനോട് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്‌തമാണ്.മാക്രോണ്‍ സംസാരിക്കുന്നതിനിടയില്‍ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോവുകയും റോഡ് കാല്‍നടയാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്‌തു.
President Macron was stopped by police in New York. All because of Trump. Traffic was blocked due to Trump’s motorcade. Macron called Trump and said: “Imagine, I’m standing outside right now because everything is blocked because of you.” pic.twitter.com/KSCaKKTqSB
— Roman Sheremeta 🇺🇸🇺🇦 (@rshereme) September 23, 2025
എന്നാല്‍, ഫ്രഞ്ച് പ്രസിഡന്റ് തന്റെ കാറിലേക്ക് മടങ്ങിയില്ല. പകരം, ട്രംപുമായുള്ള ഫോണ്‍ സംഭാഷണം തുടര്‍ന്നുകൊണ്ട് കാല്‍നടയായി യാത്ര തുടര്‍ന്നു. പോകുന്ന വഴിയില്‍, ആളുകളുടെ സെല്‍ഫികള്‍ക്കും ഫോട്ടോകള്‍ക്കുമുള്ള അഭ്യര്‍ത്ഥനകള്‍ മാക്രോണ്‍ സന്തോഷത്തോടെ സ്വീകരിച്ചു.

















