അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഞരമ്പ് സംബന്ധമായ ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. ട്രംപിന്റെ കൈയില്‍ കറുത്ത പാടുകള്‍ കാണുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം.
നേരത്തേ ട്രംപിൻറെ കാലുകളില്‍ വീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന രോഗാവസ്ഥ കണ്ടെത്തിയത്. ഞരമ്പുകൾ തകരാറിലാവുകയും രക്തം പിന്നിലേക്ക് ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്.
കാലുകളില്‍ രക്തം കെട്ടിക്കിടക്കുന്നതിനും സിരകളില്‍ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. പ്രസിഡന്‍റിന്‍റെ ആരോഗ്യത്തില്‍ ആശങ്കകളില്ലെന്നും 70 വയസ്സിന് മുകളിലുള്ളവരില്‍ ഈ രോഗം സാധാരണമാണെന്നും വൈറ്റ് ഹൗസ് ഡോക്ടർ ഷോണ്‍ ബാർബബെല്ല പറഞ്ഞു.

















