നടൻ വിജയ്‌യുടെ നേതൃത്വത്തില്‍ മത്സരിച്ച തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ എഐഎഡിഎംകെയില്‍ ഭിന്നത.പാർട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാർ വിജയുടെ പാർട്ടിക്ക് പിന്തുണ നല്‍കുന്നതിനായി രാജ്യസഭാ നേതാവ് സിവി ഷണ്‍മുഖത്തിന്റെ ചെന്നൈയിലെ ഓഫീസില്‍ ഒത്തുകൂടിയെന്ന് റിപ്പോർട്ട്. 35 എംഎല്‍എമാർ മൈലം മണ്ഡലത്തില്‍ നിന്നും വിജയിച്ച ഷണ്‍മുഖത്തിന്റെ വീട്ടില്‍ എത്തിയെന്നാണ് വിവരം.
വിജയ്‌യുടെ ടിവികെയുമായി സഖ്യത്തിലേർപ്പെടാനുള്ള ചർച്ചകളിലേക്ക് കടക്കാൻ എംഎല്‍എമാർ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെട്ടേക്കും. ടിവികെയ്ക്ക് പത്ത് എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രേമ സഖ്യത്തിലേർപ്പെടാൻ സാധിക്കുകയുള്ളൂ. ദ്രാവിഡ രാഷ്ട്രീയത്തില്‍ വേരൂന്നിയ രണ്ട് പാർട്ടികള്‍ക്കും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിയാത്തതിനാല്‍ തമിഴ്നാട്ടില്‍ നാടകീയമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
നിലവില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ടിവികെയ്ക്ക് ലഭിച്ചിട്ടുണ്ട്. സിപിഐ അടക്കമുള്ള മറ്റ് പാർട്ടികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്. 234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ടിവികെ 108 സീറ്റുകളാണ് നേടിയത്. എഐഎഡിഎംകെ 47 സീറ്റുകള്‍ നേടി. എൻഡിഎ സഖ്യത്തിന്റെ ഭാഗമായി എഐഎഡിഎംകെ 169 നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ വെറും 59 സീറ്റുകളിലേക്ക് ഒതുങ്ങുകയും മുഖ്യമന്ത്രി സ്റ്റാലിൻ പരാജയപ്പെടുകയും ചെയ്തു. ബാക്കിയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം പോലുള്ള ചെറിയ പാർട്ടികള്‍ പിടിച്ചെടുത്തു.

















