പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വില വർദ്ധനയും മൂലം ഗത്യന്തരമില്ലാതെ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടും ഹോട്ടലുകളെ ബാധിച്ച പ്രതിസന്ധിയ്ക്ക് അയവില്ല.വില വർദ്ധനവിന് പിന്നാലെ വിറ്റുവരവില്‍ നല്ല കുറവാണ് ഭൂരിപക്ഷം ഹോട്ടലുകളും നേരിടുന്നത്. വില കൂടുന്നതിന് മുമ്പ് നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ ലാഭം കിട്ടിയിടത്ത് കഷ്ടിച്ച് ആയിരം തികക്കാൻ സാധിക്കുന്നില്ലെന്നാണ് ഹോട്ടല്‍ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷനില്‍ നിന്നുള്ള വിവരം.
ഭക്ഷണ വിഭവങ്ങള്‍ക്ക് വില വർദ്ധവുണ്ടായതോടെ മിക്ക ഹോട്ടലുകളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളാകട്ടെ പല വിഭവങ്ങളും ഒഴിവാക്കുകയും ചെയ്തു. പലയിടത്തും എണ്ണപ്പലഹാരങ്ങളും ചായയും ഒഴിവാക്കി ഊണ്‍ മാത്രം നല്‍കുകയാണിപ്പോള്‍.ചില ഹോട്ടലുകള്‍ ഊണ്‍സമയത്ത് മാത്രം പ്രവർത്തിക്കുന്ന നിലയിലുമെത്തി.അർദ്ധരാത്രി വരെ പ്രവർത്തിക്കുന്ന മിക്ക ഹോട്ടലുകളും ഇപ്പോള്‍ രാത്രി 10 മണിവരെയാക്കി പ്രവർത്തന സമയം ചുരുക്കി.സിലിണ്ടർ ക്ഷാമം മൂലം ഇരുപത് ശതമാനത്തോളം ഹോട്ടലുകളും പൂട്ടിയിരുന്നു.
വിലയില്‍ ഏകീകരണമില്ല
നിലവില്‍ പലതരത്തിലാണ് ഹോട്ടലുകള്‍ വില ഈടാക്കുന്നത്.ഗ്രാമീണ ഹോട്ടലുകള്‍ 12 മുതല്‍ 15 രൂപ വരെയാണ് ഈടാക്കുന്നത്. പാചകവാതക സിലിണ്ടർ പ്രതിസന്ധി വന്നതോടെ വിലയുടെ കാര്യത്തില്‍ ഏകീകരണമില്ലെന്നാണ് ഹോട്ടല്‍ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം ടി.ജയപ്രകാശ് പറയുന്നത്. വിഭവങ്ങളുടെ ഗുണമേൻമയ്ക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. പ്രതിദിനം നാല് സിലിണ്ടർ വരെ ആവശ്യമായി വരുന്നതോടെ 3000 മുതല്‍ 5,000 രൂപ വരെ അധികബാദ്ധ്യതയാണ് ഹോട്ടലുകള്‍ക്ക് ഉണ്ടാകുന്നത്. ഗ്യാസ് ബുക്ക് ചെയ്താല്‍ രണ്ട് മാസം സമയമെടുക്കുന്നതും സ്വകാര്യ ഏജൻസികള്‍ കരിഞ്ചന്തയില്‍ അമിത വില ഈടാക്കി ഹോട്ടല്‍ വ്യാപാരികളെ ചൂഷണം ചെയ്യുന്നതും മറ്റൊരു പ്രശ്നമാണ്.
വോട്ടിന് പോയവർ തിരിച്ചെത്തിയില്ല
ബംഗാള്‍, ആസം നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ പോയ തൊഴിലാളികള്‍ തിരിച്ചെത്താത്തതിനെ തുടർന്ന് ഹോട്ടല്‍ മേഖലയില്‍ തൊഴിലാളിക്ഷാമം രൂക്ഷമാണ്. എന്നാല്‍ ജില്ലയില്‍ 20 ശതമാനം ഹോട്ടല്‍ പൂട്ടിയതും പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഹോട്ടലുകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം വരുത്തിയതും തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചിട്ടുണ്ട്. വിവാഹ സീസണിലെ പാചകവാതക പ്രതിസന്ധി കാറ്ററിംഗ് മേഖലയെയും തളർത്തി.
ഹോട്ടല്‍ വിഭവങ്ങളുടെ വില
- ഊണ്‍ 70 -80
- ചായ 12 15
- പൊറോട്ട12 15
- പരിപ്പുവട 12 15
- പഴംപൊരി 15
- സമൂസ വെജ്15
- സമൂസ ചിക്കൻ 20
- കല്‍മാസ് 20
- സാൻവിച്ച് 30
- ബർഗർ 30
- ഉഴുന്നുവട 15

















