വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയില്‍ പിടിയില്‍.ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടർ ഹോം നടത്തിവന്നിരുന്ന ഇയാള്‍ മലയാളിയാണ്. ഷെല്‍ട്ടർ ഹോമില്‍ മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ജോലിക്കെത്തിയ സുനിതയെ ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരവും പൈശാചികവുമായ നിലയില്‍ ദീപക് കൃഷ്ണൻ മർദിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

കേരളത്തിലെ വിവാദമായ കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ വിഐപി തടവുകാരിയെന്ന വൻ വെളിപ്പെടുത്തല്‍ നടത്തിയ സഹതടവുകാരിയായിരുന്നു സുനിത. ജയില്‍മോചിതയായ ശേഷം ജീവിക്കാൻ വക തേടിയാണ് ഇവർ ബെംഗളൂരുവിലെ നായകള്‍ക്കായുള്ള ഷെല്‍ട്ടർ ഹോമിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രൂര മർദനത്തിന് ഇരയായ സുനിത തൃശ്ശൂരിലെ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് മൂന്നിനാണ് ഇവരെ ദീപക് കൃഷ്ണൻ മർദ്ദിച്ചത്. സുനിതയുടെ തല പിടിച്ച്‌ പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച്‌ ചവിട്ടിയെന്നുമാണ് ദൃക്‌സാക്ഷി മൊഴി. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്.

വാടാനപ്പള്ളി സ്വദേശിയായ സുനിത വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്. ഇവിടെ ഷെറിനൊപ്പമായിരുന്നു സുനിതയും ഉണ്ടായിരുന്നത്. ജയിലില്‍ മറ്റ് തടവുകാർക്കുള്ള സൗകര്യമായിരുന്നില്ല ഷെറിനുള്ളതെന്നാണ് സുനിത 2025 ല്‍ ആരോപിച്ചത്. ഉന്നത ബന്ധങ്ങള്‍ മൂലം അധിക പരോളുകള്‍ നേടി, മന്ത്രി ഗണേഷ് കുമാറുമായി ബന്ധം, മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലില്‍ കിട്ടി, 2015ല്‍ ഷെറിൻ്റെ സുഖവാസത്തിനെതിരെ നല്‍കിയ പരാതി പൊലീസുകാർ ഗൗരവത്തോടെയെടുത്തില്ല, ജയില്‍ മുൻ ഡിഐജി പ്രദീപനുമായും ഷെറിന് ബന്ധം എന്നിങ്ങനെയായിരുന്നു സുനിത ഉന്നയിച്ച ആരോപണങ്ങളും വെളിപ്പെടുത്തലുകളും. ഷെറിൻ ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങുന്ന ഘട്ടത്തിലാണ് വെളിപ്പെടുത്തലുമായി സുനിത രംഗത്ത് വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക