പഞ്ചാബിലെ അതിർത്തി പട്ടണമായ പാട്ടിയില്‍ രണ്ടാമത്തെ വെടിവയ്പ്പ്. ആദ്യത്തെത് ഒരു ഗ്രാമ സർപഞ്ചിനെ ആയിരുന്നെങ്കില്‍ ഇത്തവണ വെടിയേറ്റ് വീണത് രണ്ട് മാസം മുമ്പ് വിവാഹിതയായ സ്ത്രീ.ഇവർ വീടിന് പുറത്തിറങ്ങിയപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇതിന് പിന്നാലെ പഞ്ചാബിലെ സാധാരണക്കാരുടെ സുരക്ഷയില്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ വലിയ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ ക്രമസമാധാനം തകർന്നെന്ന് നിരവധി പേരെഴുതി. അടുത്തിടെ ടാർണ്‍ തരണില്‍ ഒരു ഗ്രാമ സർപഞ്ചിനെ വെടിവച്ചതിന് പിന്നാലെയാണ് സംഭവം. നവവധുവിനെ വെടിവച്ചത് കരണ്‍ ആണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പഞ്ചാബ് പോലീസ് അറിയിച്ചു.
രണ്ടാമത്തെ വെടിവയ്പ്പ്
രണ്ട് മാസം മുമ്പാണ് അൻഷ് ഗ്രോവറുമായി 23 -കാരിയായ റൂബിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 21) വൈകീട്ട് പാട്ടിയിലെ ഗാർഡൻ കോളനിയിലെ വീടിന്‍റെ ഗേറ്റിന് മുന്നില്‍ വച്ചാണ് യുവതിക്ക് വെടിയേറ്റത്. അൻഷ് ഗ്രോവർ, വീട്ടിന് പുറത്ത് സ്കൂട്ടറില്‍ ഇരിക്കുമ്പോള്‍ അവിടെ എത്തിയ അക്രമി, അദ്ദേഹത്തെ തല്ലി. ഇത് ചോദ്യം ചെയ്ത റൂബിയെ അയാള്‍ വെടിവയ്ക്കുകയായിരുന്നു. അക്രമി റൂബിയെ വെടിവച്ചതും അൻഷ് അവിടെ നിന്നും ഓടി രക്ഷപ്പെടുന്നത് സിസിടിവിയില്‍ കാണാം. ഗേറ്റിനടുത്ത് വെച്ച് അജ്ഞാതനായ ഒരു യുവാവ് റൂബിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് അൻഷ് ഗ്രോവറിന്‍റെ അമ്മ റീനു ബാല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ റൂബിയെ ഉടൻ തന്നെ പാട്ടിയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അമൃത്സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. എന്നാല്‍ അതിനിടെ മരണം സംഭവിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആദ്യ വെടിവയ്പ്പ്
സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. പട്ടിയില്‍ താമസിക്കുന്ന കരണ്‍ ആണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കായി തിരച്ചിലാരംഭിച്ചു. അതേസമയം വെടിവെയ്ക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ദിവസങ്ങള്‍ക്ക് മുമ്പ് തരണ്‍ തരണ്‍ ജില്ലയില്‍ വച്ച് സർപഞ്ചിന് നേരെ നടന്ന വെടിവെയ്പ്പിന് പിന്നാലെയാണ് രണ്ടാമത്തെ സംഭവം. ആദ്യ വെടിവയ്പ്പില്‍ രു വിവാഹ ചടങ്ങിനിടെ തതിയാൻ മഹാന്തൻ ഗ്രാമത്തിലെ സർപഞ്ച് ഹർഭേന്ദ്ര സിംഗ് കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

















