കാമുകൻ മതിയായ അറ്റൻഷൻ തരുന്നില്ലെന്ന സംശയത്തില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറില്‍ ജോലി ചെയ്തിരുന്ന യുവതി, വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് ബന്ധുവിനെ കസേരയില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് കൊന്നതായി പോലീസ് അറിയിച്ചു.പ്രേരണയും (27) കിരണും(27) ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്ത സഹപ്രവർത്തകരായിരുന്നു. ഒരുവർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെ കിരണ്‍ തനിക്ക് മതിയായ ശ്രദ്ധ നല്‍കുന്നില്ലെന്നും വിവാഹത്തിന് തയ്യാറല്ലെന്നുമുള്ള അസ്വസ്ഥത പ്രേരണയ്ക്ക് ഉണ്ടായിരുന്നു. ചൊവ്വാഴ്ച, ദക്ഷിണ ബെംഗളൂരുവിലെ അഞ്ജനാപുരയില്‍ താമസിക്കുന്ന പ്രേരണ, വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിരണിനെ ക്ഷണിച്ചു. കുറച്ചുനേരം സംസാരിച്ചതിന് ശേഷം, വിദേശത്തുള്ളതുപോലെ പുതിയ രീതിയില്‍ പ്രൊപ്പോസ് ചെയ്യാം എന്നു പറഞ്ഞ് കിരണിനെ കണ്ണ് മൂടുകയും കസേരയില്‍ ഇരുത്തുകയും ചെയ്തു. പിന്നീട് കൈകാല്‍ കെട്ടിത്തുടങ്ങി. ഈ നേരം കിരണ്‍ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, ഇത് സർപ്രൈസ് പ്രൊപ്പോസലാണെന്ന് പറഞ്ഞ് അവനെ സമ്മതിപ്പിച്ചു.
തുടർന്ന്, മുൻകൂട്ടി ഒരുക്കിയിരുന്ന രാസവസ്തു കിരണിന്റെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും മരണം ലൈവായി നോക്കി നിന്നതായും പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കിരണ്‍ സ്ഥലത്തുവച്ച് തന്നെ മരിച്ചു.സംഭവത്തെ തുടർന്ന് പ്രേരണയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍, “അവൻ എന്നെ അവഗണിക്കുകയായിരുന്നു” എന്ന കാരണത്താല്‍ കുറ്റം ചെയ്തതാണെന്ന് അവള്‍ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം കേസില്‍ അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണ്.

















