തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളില്‍ സർക്കാർ പ്രഖ്യാപിച്ച മദ്യനിരോധനം (ഡ്രൈ ഡേ) ഹൈക്കോടതി സ്റ്റേ ചെയ്തു. അതിർത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവാണ് ജസ്റ്റിസ് എസ്. മനു അധ്യക്ഷനായ അവധിക്കാല ബെഞ്ച് തടഞ്ഞത്. അബ്കാരി നിയമത്തിലോ വിദേശ മദ്യ ചട്ടങ്ങളിലോ ഇത്തരത്തില്‍ അതിർത്തിയില്‍ മദ്യ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനപ്രാതിനിധ്യ നിയമമനുസരിച്ച്‌ വോട്ടെടുപ്പ് നടക്കുന്ന പ്രദേശത്ത് മാത്രമേ നിയന്ത്രണങ്ങള്‍ ബാധകമാകൂ. വോട്ടിങ് നടക്കുന്ന പ്രദേശത്തിന് പുറത്ത് നിയന്ത്രണം ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.ഡ്രൈ ഡേ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ഹൈക്കോടതി ചോദ്യം ചെയ്തു. ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച ഉത്തരവാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. ഡ്രൈ ഡേ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണെന്ന് ഹൈക്കോടതി ചോദിച്ചു.നിയമ സാധുത ബോധ്യപ്പെടുത്തിയാല്‍ മാത്രം തീരുമാനം അംഗീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേരള സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടിയെയാണ് ജസ്റ്റിസ് എസ് മനു അധ്യക്ഷനായ അവധിക്കാല ബെഞ്ച് ചോദ്യം ചെയ്തത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 21 രാവിലെ 10 മണി മുതല്‍ ഏപ്രില്‍ 23 അര്‍ദ്ധരാത്രി വരെ ഡ്രൈ ഡേ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.’ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് എവിടെ നിന്നാണ് അധികാരം ലഭിക്കുന്നത്? അതിന്റെ സ്രോതസ്സ് ഏതാണ്? അബ്കാരി നിയമത്തിലോ ഫോറിന്‍ ലിക്വര്‍ റൂള്‍സിലോ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ വ്യവസ്ഥയുണ്ടോ? തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് എന്ത് നിയമപരമായ അധികാരമാണുള്ളത്’, ഹൈക്കോടതി ചോദിച്ചു.

നിയമപരമായ ഏതെങ്കിലും വകുപ്പ് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമെങ്കില്‍ കോടതി അത് അംഗീകരിക്കാമെന്നും അല്ലാത്തപക്ഷം ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനോ അപേക്ഷ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോ അധികാരമില്ലെന്നും ജസ്റ്റിസ് മനു വാക്കാല്‍ നിരീക്ഷിച്ചു.തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശത്തിന് പുറത്ത് ഇത്തരമൊരു സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. നിയമപ്രകാരം വോട്ടെടുപ്പ് നടക്കുന്ന പരിധിയില്‍ മാത്രമേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കൂവെന്നും ഹര്‍ജിയില്‍ പറയുന്നു.കുമളിയില്‍ ഹോട്ടലും ബാറും നടത്തുന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. തന്റെ സ്ഥാപനം അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വരുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി അത് ഒറ്റപ്പെട്ടതാണെന്നും തമിഴ്‌നാട്ടിലെ വോട്ടര്‍മാരെയോ തെരഞ്ഞെടുപ്പിനെയോ സ്വാധീനിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക