തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ കായലിലും പരിസര പ്രദേശങ്ങളിലും മീൻപിടുത്തം സജീവമായി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കൂടിയതോടെ മീനുകള്‍ ഉപരിതലത്തിലേക്ക് എത്തിയതാണ് മീൻപിടുത്തക്കാർക്ക് അനുകൂല സാഹചര്യമൊരുക്കിയത്. തൊടുപുഴയില്‍ നിന്നെത്തിയ ഒരു സംഘം യുവാക്കള്‍ക്ക് ഇത്തരത്തില്‍ ഏകദേശം 300 കിലോയോളം വാള മത്സ്യത്തെ ലഭിച്ചു. ജോബിഷ് ജോർജ്, ബിജു കൃഷ്ണൻ, വൈശാഖ്, കൃഷ്ണകുമാർ, ഷനൂബ്, മനീഷ്, സുനീർ, ജിജി എന്നിവരടങ്ങുന്ന സംഘമാണ് വൻ നേട്ടം കൊയ്തത്.
തണ്ണീർമുക്കം ബണ്ടിന്റെ 10 ഷട്ടറുകള്‍ തുറന്നു
കുമരകം: കുട്ടനാട്ടിലെ തോടുകളില്‍ ഇനി തെളിനീർ ഒഴുകി തുടങ്ങും. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളില്‍ 10 എണ്ണം തുറന്നു. 29ന് ബാക്കി ഷട്ടറുകള്‍ കൂടി തുറക്കും. വെച്ചൂർ അംബിക മാർക്കറ്റ് ഭാഗത്തെ ഷട്ടറുകളാണു തുറന്നത്. അംബിക മാർക്കറ്റ് ഭാഗത്ത് ഷട്ടറുകള്‍ പൂർണമായും തുറന്ന ശേഷം തണ്ണീർമുക്കം ഭാഗത്തെ തുറക്കാൻ തുടങ്ങും.10 ഷട്ടറുകള്‍ മാത്രം തുറന്നതിനാല്‍ കാര്യമായ ഒഴുക്ക് ഉണ്ടായിട്ടില്ല. കായലിന്റെ തെക്ക് ഭാഗത്തേക്ക് ശക്തമായ ഒഴുക്ക് ഉണ്ടാകണമെങ്കില്‍ ഷട്ടറുകള്‍ പൂർണമായും തുറക്കണം. കർഷകർക്കും മത്സ്യത്തൊഴിലാളികള്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണു ഷട്ടറുകള്‍ പല ദിവസങ്ങളായി തുറക്കുന്നത്. ഡിസംബർ 15നാണ് കുട്ടനാട്ടിലെ പുഞ്ചക്കൃഷിയെ ഉപ്പ് വെള്ളത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി ഷട്ടറുകള്‍ അടച്ചത്.
മാർച്ച് 15ന് ഷട്ടറുകള്‍ തുറക്കേണ്ടതാണെങ്കിലും കൊയ്ത്ത് പൂർത്തിയാകാത്തതിനാല്‍ നീട്ടുകയായിരുന്നു. ഈ വർഷമാണ് ഏറ്റവും വൈകി ഷട്ടറുകള്‍ തുറക്കുന്നത്. പോയ വർഷങ്ങളില്‍ ഏപ്രില്‍ 10,11.12 തീയതികളിലാണു ഷട്ടറുകള്‍ തുറന്നിരുന്നെങ്കില്‍ ഈ വർഷം 20 വരെ കാത്തിരിക്കേണ്ടി വന്നു.മാസങ്ങളായി ഷട്ടറുകള്‍ അടഞ്ഞു കിടന്നതിനാല്‍ തോടുകള്‍ ഏറെ മലിനമായി. ഇതുമൂലം നാട്ടുകാർ ദുരിതത്തിലായിരുന്നു. തോടുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. പോള ചീഞ്ഞു വെള്ളത്തില്‍ കലർന്നതോടെ ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നു. വെള്ളത്തിനു കറുപ്പ് നിറവുമായി. ഒഴുക്ക് ശക്തമാകുന്നതോടെ പോളയും മാലിന്യങ്ങളും ഒഴുകി മാറി തോടുകള്‍ ശുദ്ധമാകും.





