ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമല്ല ഇതെന്നും പിന്നില്‍ നിന്ന് കാറിടിച്ചതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായും വ്യക്തമായി.

സംഭവത്തില്‍ മലയിൻകീഴ് സ്വദേശിയായ യുവാവിനെയും അപകടത്തില്‍പ്പെട്ട കാറും പൊലീസ് കണ്ടെത്തി. കാറോടിച്ചിരുന്ന വിപിൻ എന്ന യുവാവ് ഇടിച്ച ശേഷം വാഹനം നിർത്താതെ പോയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളം സ്വദേശി നവീൻ സിബിയും തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മനുമാണ് അപകടത്തില്‍ മരിച്ചത്. ഇരുവർക്കും 25 വയസ്സായിരുന്നു. ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എൻജിനിയറായിരുന്ന നവീനും കിൻഫ്രയിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മൃദുലയും.

ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. കോവളം ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരും തിരുവല്ലം ടോള്‍ പ്ലാസയ്ക്ക് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. നവീനും മൃദുലയ്ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മൃദുല ബൈക്കില്‍ നിന്ന് തെറിച്ചുവീണതായും പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തില്‍ ദുരൂഹത തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് ഹിറ്റ് ആൻഡ് റണ്‍ കേസിന്റെ ചുരുളഴിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക