നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവ് മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പാർട്ടിക്കുള്ളില്‍ തന്നെ വിലയിരുത്തല്‍.മുൻ ഡിജിപി ആർ. ശ്രീലേഖയെ അപ്രതീക്ഷിതമായി കളത്തിലിറക്കിയ നീക്കം പാർട്ടിയുടെ അടിത്തട്ടില്‍ ചലനമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ച വോട്ടുകള്‍ ചോരുന്നതിന് കാരണമായതായും പാർട്ടി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
പാർട്ടിയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സമ്മതയായ ഒരു സ്ഥാനാർഥിയായിരുന്നില്ല ശ്രീലേഖ. ഇത് പാർട്ടി സംവിധാനത്തെ പൂർണ്ണമായും സജ്ജമാക്കുന്നതില്‍ പരാജയപ്പെട്ടു. ബിജെപിയുടെ പരമ്പരാഗത വോട്ടുകള്‍ മറ്റ് മുന്നണികളിലേക്ക് മറിഞ്ഞതായും പാർട്ടിക്കുള്ളില്‍ ഭയപ്പെടുന്നുണ്ട്. ഇത് വലിയ വോട്ട് വിഹിതമുള്ള മണ്ഡലത്തില്‍ തിരിച്ചടിയാകും.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ ഇത്തവണ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാനുള്ള സാധ്യതയാണ് നേതൃത്വം കാണുന്നത്.ബിജെപി ക്യാമ്പുകളില്‍ ആശങ്ക പടരുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ വിജയമുറപ്പിക്കുകയാണ്.
സിപിഎം കണക്കുകൂട്ടല്‍
നിലവിലെ എംഎല്‍എ വി.കെ. പ്രശാന്ത് 8,000 നും 10,000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സിപിഎം കണക്ക്. രാഷ്ട്രീയത്തിന് അതീതമായ പ്രശാന്തിന്റെ വ്യക്തിപ്രഭാവവും കഴിഞ്ഞ തവണത്തെ വികസന പ്രവർത്തനങ്ങളും തുണയ്ക്കുമെന്ന് പാർട്ടി കരുതുന്നു. മറ്റ് രാഷ്ട്രീയ മേഖലകളില്‍ നിന്നും വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും സിപിഎം വിശ്വസിക്കുന്നു.
യുഡിഎഫ് കണക്കുകൂട്ടല്‍
5,000 നും 10,000 നും ഇടയില്‍ ഭൂരിപക്ഷം കെ. മുരളീധരൻ നേടുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിശ്വാസം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ അകന്നുനിന്ന എൻഎസ്‌എസ്, ക്രൈസ്തവ വോട്ടുകള്‍ ഇത്തവണ അനുകൂലമായെന്ന് മുരളീധരൻ അവകാശപ്പെടുന്നു. പ്രത്യേകിച്ച് പട്ടം, കേശവദാസപുരം മേഖലകളിലെ ക്രൈസ്തവ വോട്ടുകളില്‍ വർദ്ധനവുണ്ടായെന്നും ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
വട്ടിയൂർക്കാവ് ഒറ്റനോട്ടത്തില്‍
ആകെ വോട്ടർമാർ: 1,65,272
പോള്‍ ചെയ്ത വോട്ടുകള്‍: 1,27,127
കഴിഞ്ഞ വർഷത്തേക്കാള്‍ 42,000 വോട്ടർമാരുടെ കുറവ് ഇത്തവണ മണ്ഡലത്തിലുണ്ട്. ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്ന ബിജെപിയുടെ ആത്മപരിശോധന ഫലം വരുമ്പോള്‍ ശരിയാകുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.

















