പ്രമോഷന്‍ വേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശീലമുളള നടി നയന്‍താര ആരാധകരെയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വര്‍ത്തകളില്‍ നിറയുകയാണ്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ലൗ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രി-റിലീസ് വേദിയിലാണ് നയന്‍താര സര്‍പ്രൈസ് എന്‍ട്രി നടത്തിയത്. പൊതുവെ അഭിമുഖങ്ങള്‍ക്കോ സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കോ എത്താറില്ലാത്ത താരം തന്റെ പ്രിയപ്പെട്ടവന്റെ കരിയറിലെ വലിയൊരു നിമിഷത്തിന് സാന്നിധ്യമാകാന്‍ എത്തിയത് ആരാധകരുടെ കയ്യടി നേടുകയാണ്.

വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ വിഘ്നേഷ് നടത്തിയ രസകരമായ പരാമർശങ്ങള്‍ക്കിടയിലാണ് നയൻതാരയുടെ കടന്നുവരവ്. ഒരു നടി എന്ന നിലയില്‍ നയൻതാരയെ ഇത്തരമൊരു വേദിയില്‍ എത്തിക്കാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്ന് വിഘ്നേഷ് തമാശ രൂപേണ പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ നിർമാതാവ് എന്ന നിലയിലോ അല്ലെങ്കില്‍ തന്റെ ഭാര്യ എന്ന നിലയിലോ വേണമെങ്കില്‍ നയൻതാരയ്ക്ക് വേദിയിലേക്ക് വരാമെന്നും വിഘ്നേഷ് കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് നയൻതാര വേദിയിലേക്ക് കയറിവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയുടെ ചിത്രീകരണ വേളയില്‍ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും നയൻതാര നല്‍കിയ വലിയ പിന്തുണയെക്കുറിച്ചും വിഘ്നേഷ് ശിവൻ വൈകാരികമായി സംസാരിച്ചു. ചിത്രത്തിന്റെ മലേഷ്യൻ ഷെഡ്യൂള്‍ നടക്കുമ്പോള്‍ ഒടിടി വിപണിയിലുണ്ടായ തളർച്ച കാരണം സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ബഡ്ജറ്റ് കുറയ്ക്കണമെന്ന ചർച്ചകള്‍ക്കിടയിലും തന്റെ ആഗ്രഹത്തിനനുസരിച്ച്‌ സിനിമ പൂർത്തിയാക്കാൻ നയൻതാരയാണ് തുണയായത്. ‘മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുക അയച്ചുതന്നാണ് നയൻതാര അന്ന് ചിത്രീകരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്നും വിഘ്നേഷ് പറഞ്ഞു.

പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലൗ ഇൻഷുറൻസ് കമ്പനി’ ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ്. ഗൗരി കിഷൻ, യോഗി ബാബു, സീമൻ, മിഷ്‌കിൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഏപ്രില്‍ 10-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. റൗഡി പിക്‌ചേഴ്‌സും സെവൻ സ്‌ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതം ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക