ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കവെ മൊട്ടിട്ട ഒരു നിഷ്‌കളങ്കമായ പ്രണയ തകര്‍ച്ചയുടെ ഹൃദയഭേദകവും എന്നാല്‍ ഏറെ രസകരവുമായ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.ട്രാഫിക് സിഗ്‌നലില്‍ അച്ഛന്റെ സ്‌കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന അഞ്ചോ ആറോ വയസ്സുതോന്നിക്കുന്ന ഒരു ആണ്‍കുട്ടിക്ക്, തൊട്ടടുത്ത് അമ്മയോടൊപ്പം മറ്റൊരു വണ്ടിയിലുണ്ടായിരുന്ന പിങ്ക് വസ്ത്രം ധരിച്ച പെണ്‍കുട്ടിയോട് തോന്നിയ കൗതുകവും ഇഷ്ടവുമാണ് ദൃശ്യങ്ങളിലുള്ളത്.
ചുറ്റുമുള്ള ലോകം മറന്ന്, ആ പെണ്‍കുട്ടിയുടെ കവിളില്‍ ഒന്ന് തൊടാനായി അവന്‍ സ്‌നേഹത്തോടെ കൈനീട്ടി. അവിടെ ഒരു നിഷ്‌കളങ്ക പ്രണയം മൊട്ടിട്ട നിമിഷമായിരുന്നു അത്. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ കാറിന്റെ ഉച്ചത്തിലുള്ള ഹോണ്‍ ശബ്ദം ആ ക്യൂട്ട് ക്രഷിനെ മുളയിലേ നുള്ളിക്കളഞ്ഞു.
പ്രതീക്ഷിക്കാതെ കേട്ട ഹോണടി കുട്ടിയുടെ പ്രണയ നിമിഷങ്ങളെ തകിടം മറിക്കുകയും അവനെ കടുത്ത അസ്വസ്ഥനാക്കുകയും ചെയ്തു. പ്രണയം മാറി അവിടെ പെട്ടെന്ന് കോപം ജ്വലിച്ചു. തൊട്ടുപിന്നിലെ കാറുകാരന്റെ പ്രവര്‍ത്തി അവന് ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവന്‍ അവിടെ വച്ചുതന്നെ പ്രതികരിക്കാന്‍ തീരുമാനിച്ചു. തന്റെ കുഞ്ഞുവായ പരമാവധി തുറന്ന്, വലിയ ദേഷ്യത്തോടെ ഹോണടി നിര്‍ത്താന്‍ അവന്‍ കാറുകാരനോട് ആവശ്യപ്പെട്ടു. പ്രണയത്തില്‍ നിന്നും പെട്ടെന്നുള്ള കുട്ടിയുടെ ഈ നാടകീയമായ ഭാവമാറ്റവും ദേഷ്യ പ്രകടനവും ട്രാഫിക്കില്‍ ഉണ്ടായിരുന്നവരെ മാത്രമല്ല, വീഡിയോ കണ്ട ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയും ഒരേപോലെ ചിരിപ്പിച്ചു.
‘ആ കൊച്ചുകുട്ടിക്ക് നീതി വേണം’ എന്ന രസകരമായ അടിക്കുറിപ്പോടെ പങ്കുവെക്കപ്പെട്ട വീഡിയോയ്ക്ക് താഴെ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. അവന്‍ ചൂടായപ്പോള്‍ പേടിച്ച് കാറുകാരന്‍ ഹോണടി നിര്‍ത്തിയെന്നും, കുട്ടിയുടെ ഭാഗത്താണ് ന്യായമെന്ന് ഹോണ്‍ അടിച്ചയാള്‍ക്ക് മനസ്സിലായിക്കാണുമെന്നും പലരും തമാശയായി കുറിച്ചു. അതേസമയം, ഇത് യഥാര്‍ത്ഥ വീഡിയോ അല്ലെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നു. എഐ നിര്‍മ്മിതമാണോ അല്ലയോ എന്നതിനപ്പുറം, വേദനിച്ച് ആ കുഞ്ഞുഹൃദയത്തിന് നീതി വേണമെന്ന ആവശ്യത്തില്‍ തന്നെയാണ് കാഴ്ചക്കാരെല്ലാം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്.

















