മലയാളത്തിന്റെ പ്രിയനടന്‍ സലിം കുമാറിന്റെ വിയോഗത്തിന്റെ ഉള്ളുനീറുന്ന വേദനയില്‍ കഴിയുന്ന കുടുംബത്തോട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാണിച്ച അതിരുവിട്ട പെരുമാറ്റവും, അതിനോട് സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍ പ്രതികരിച്ചതുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. പിതാവിന്റെ സംസ്‌കാര ചടങ്ങിനിടെ കുറഞ്ഞൊരു സ്വസ്ഥതയോ സ്വകാര്യതയോ നല്‍കാതെ ക്യാമറകളുമായി തള്ളിക്കയറിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചന്തുവിന് രൂക്ഷമായ ഭാഷയില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.നടന്റെ ഭൗതികശരീരം വീട്ടുവളപ്പില്‍ സംസ്‌കരിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

സലിം കുമാറിന് അവസാനമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സിനിമ-സാംസ്‌കാരിക ലോകവും പൊതുജനങ്ങളും ഒഴുകിയെത്തുന്നതിനിടയില്‍, ദൃശ്യങ്ങള്‍ പകര്‍ത്താനായി ഓണ്‍ലൈന്‍ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ വന്‍ തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നു. കുടുംബത്തിന്റെ കടുത്ത ദുഃഖം പോലും വകവെക്കാതെ, പ്രമുഖര്‍ എത്തുമ്പോള്‍ ബൈറ്റുകള്‍ക്കും ദൃശ്യങ്ങള്‍ക്കുമായി മാധ്യമങ്ങള്‍ മുന്നോട്ട് ഇരച്ചുകയറി. അച്ഛന്റെ വേര്‍പാടില്‍ ഉള്ളുവിങ്ങി നില്‍ക്കുന്ന കുടുംബാംഗങ്ങളെപ്പോലും വകവെക്കാതെയുള്ള ഈ മാധ്യമക്കൂട്ടത്തിന്റെ ഉന്തും തള്ളും അതിരുകടന്നപ്പോഴാണ് ചന്തു സലിം കുമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്. ‘മാറി നില്‍ക്കടോ, ബാക്കിലോട്ട് മാറി നില്‍ക്ക്… എന്താടോ, എന്താണ് നിങ്ങള്‍ക്കൊക്കെ വേണ്ടത്?’ എന്ന് ചോദിച്ചുകൊണ്ട് ചന്തു ദേഷ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മറ്റുള്ളവരും പൊലീസും ചേര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിച്ചു മാറ്റിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചന്തുവിനെ പലരും ചേര്‍ന്ന് ആശ്വസിപ്പിക്കുകയും ചെയ്തു.ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചന്തു സലിം കുമാറിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. മരണവീടുകളില്‍ പോലും മിനിമം മാന്യത കാണിക്കാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ‘വ്യൂസ്’ കൂട്ടാനുള്ള വ്യഗ്രതയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ജന്മം നല്‍കിയ മനുഷ്യന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ പോലും സ്വസ്ഥത നല്‍കാത്ത മാധ്യമങ്ങളുടെ രീതി തികച്ചും അപലപനീയമാണെന്നും ചന്തു പ്രതികരിച്ചത് നൂറു ശതമാനം ശരിയായ കാര്യമാണെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പൊതുവികാരം.

‘ഒരു മനുഷ്യന്‍ മരണപ്പെട്ടു കിടക്കുമ്പോഴും അവിടുത്തെ അന്തരീക്ഷം പോലും മനസ്സിലാക്കാതെ ക്യാമറയും മൈക്കുമായി തള്ളിക്കയറുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഈ രീതി കഷ്ടമാണ്. സ്വന്തം അച്ഛന്റെ വേര്‍പാടിന്റെ വേദനയും അതിനൊപ്പം ഉണ്ടായ മാധ്യമ-ജനക്കൂട്ട സമ്മര്‍ദ്ദവും ഉള്‍പ്പെടുന്ന ആ സാഹചര്യത്തില്‍ ആരായാലും ദേഷ്യപ്പെട്ടു പോകും. അവരെയെങ്കിലും വെറുതെ വിടൂ,’ എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റുകള്‍. പണ്ടൊക്കെ ഗാനമേളകള്‍ക്കിടയിലേക്ക് ആളുകള്‍ ഇടിച്ചുകയറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മരണവീടുകളിലും ഇതാണോ അവസ്ഥയെന്നും ഓണ്‍ലൈന്‍ മീഡിയക്കാര്‍ക്കായി പ്രത്യേകം ഒരിടം നിയന്ത്രിച്ചു കൊടുക്കണമെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തിപരമായ നഷ്ടത്തിലൂടെയും മാനസിക വിഷമത്തിലൂടെയും കടന്നുപോകുമ്പോള്‍ പോലും മാധ്യമങ്ങളുടെ ഇത്തരം അനാദരവിനെതിരെ ശബ്ദമുയര്‍ത്തേണ്ടി വന്ന ചന്തുവിന്റെ അവസ്ഥയില്‍ സിനിമാപ്രേമികളും സിനിമാ പ്രവര്‍ത്തകരും ഒരുപോലെ വിഷമം രേഖപ്പെടുത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക