കോട്ടയം പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നല്‍കുന്ന വിഡിയോ പുറത്ത്. പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയുടെ നേതൃത്വത്തില്‍ വോട്ടിന് പണം നല്‍കിയെന്ന വിവാദത്തിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. വോട്ട് ആവശ്യപ്പെട്ട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബി.ജെ.പി ഭാരവാഹിയായ മുഹമ്മദ് ഷാജി പണം നല്‍കുന്നതായാണ് വീഡിയോ. അദ്ദേഹം അരുവിക്കരയിലെ ഒരു വീട്ടില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
പ്രദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് വിഡിയോ ചിത്രീകരിച്ചത്. വിഡിയോ ചിത്രീകരിച്ചതിനെതിരെ വീട്ടുടമയും ഷാജിയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. ഷാജി ബി.ജെ.പിയുടെ സജീവ പ്രവർത്തകനും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ബി.ജെ.പി ഭാരവാഹിയും മണ്ഡലം ഭാരവാഹിയും മുൻസിപ്പല്‍ പ്രസിഡന്റുമാണ്.മുൻസിപ്പാലിറ്റി മൂന്നാം വാർഡില്‍നിന്നും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചയാളുമാണ്. അരുവിക്കരയില്‍ പ്രദേശത്തെ പല വീടുകളിലും ഇയാള്‍ പണം നല്‍കിയാതായി വിവരമുണ്ട്. പണം നല്‍കി വോട്ടുവാങ്ങുന്നത് സംബന്ധിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതി നല്‍കും . പൂഞ്ഞാർ ബി.ജെ.പി സ്ഥാനാർഥി പി.സി. ജോർജിന് വേണ്ടിയാണ് പണം നല്‍കി വോട്ടു പിടിക്കുന്നതെന്നും ആരോപണമുണ്ട്.
മുമ്പ് പൂഞ്ഞാറില്‍ പല സ്ഥാലങ്ങളിലും വീട്ടമ്മമാരെ സാരി നല്‍കി വോട്ടു പിടിക്കാൻ ശ്രമിക്കുന്നത് സംബന്ധിച്ച് ചിത്രങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈരാട്ടുപേട്ടയില്‍ പണം നല്‍കി വോട്ടു പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.പാലക്കാട് ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടിനായി പണം നല്‍കിയെന്ന കേസില്‍ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. കണ്ടാല്‍ തിരിച്ചറിയാവുന്ന എൻ.ഡി.എ പ്രതിനിധിക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചതായി എഫ്.ഐ.ആർ. നിലവില്‍ പണം നല്‍കിയ സ്ത്രീയുടെ പേര് പ്രതിപട്ടികയില്‍ ചേർത്തിട്ടില്ല.ശോഭ സുരേന്ദ്രന്റെയും മറ്റും പേരും എഫ്.ഐ.ആറില്‍ ചേർത്തിട്ടില്ല. പ്രതി കേരളം വിട്ടുവെന്നുമാണ് സൂചന.
പാലക്കാട് സ്വദേശിയായ സ്ത്രീയാണ് പണം നല്‍കിയെതെന്നും അവർ മുബൈയിലാണ് താമസമെന്നും വിമാനം വഴി മുബൈക്ക് പോയെന്നും പറയുന്നു. ആദ്യം പണം നല്‍കിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് പണം അവരുടെ വല്ല്യമ്മക്ക് നല്‍കിയെന്ന് മാറ്റി പറയുകയായിരുന്നു. ഇതിനിടെ പണം വിതരണം ചെയ്ത സ്ത്രീയെ അറിയില്ലെന്ന ശോഭ സുരേന്ദ്രന്റെ വാദം പൊളിഞ്ഞു. പണം നല്‍കിയ സ്ത്രീ ശോഭ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്. ഇതോടെ ശോഭ വീണ്ടും വെട്ടിലായി.ബി.ജെ.പി ജില്ല കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം നില്‍ക്കുന്ന ഇവരുടെ ഫോട്ടോ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോഴുള്ളതാണ്. ഈ ഫോട്ടോ ഇവരുടെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നതാണ്. ഇതേ യുവതി ശോഭയുടെ കാറില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.
നേരത്തെ തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തില്‍ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. പണം കൈമാറിയെന്ന് പറയുന്ന യുവതിയെ തനിക്ക് അറിയില്ലെന്നും ശോഭ പറഞ്ഞിരുന്നു.കണ്ണാടി മേഖലയില്‍ ബി.ജെ.പി പണം വിതരണം ചെയ്യുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവർത്തകർ വിഡിയോ പകർത്തുകയായിരുന്നു. വീഡിയോ പകർത്തിയവരുടെ ചെപ്പക്ക്കുറ്റി അടിച്ച് പൊളിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിങ്ങള്‍ ആരാണ് ഫോട്ടോയെടുക്കാനെന്ന് ചോദിച്ച് കൊണ്ട് നാട്ടുകാരോട് പ്രകോപനപരമായാണ് ശോഭാസുരേന്ദ്രൻ പെരുമാറിയത്. എന്നാല്‍, അപ്പോഴേക്കും പണം കൈമാറുന്ന ദൃശ്യം പകർത്തികഴിഞ്ഞിരുന്നു. സംസ്ഥാനത്ത് അപൂർവമായാണ് സ്ഥാനാർഥി തന്നെ പണം വിതരണം ചെയ്യുന്നത് കയ്യോടെ പിടികൂടുന്നത്.
അതേസമയം സംഭവത്തില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിലും ഇന്നലെ രംഗത്ത് എത്തിയിരുന്നു. പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് ആണ് ഷാഫി പ്രതികരിച്ചത്. ജനങ്ങള്‍ ബിജെപിയെയും അവരുടെ പൈസയും തള്ളിക്കളയുമെന്നും ഷാഫി പറഞ്ഞു. ബിജെപി പരാജയം സമ്മതിച്ചുകഴിഞ്ഞെന്ന് പറഞ്ഞ ഷാഫി പറമ്പില്‍ മാറാത്തത് ഇനി മാറും എന്ന് ബിജെപി പറഞ്ഞത് ഇതാണെന്നും പരിഹസിച്ചു. ശോഭ സുരേന്ദ്രനെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യയാക്കണം എന്നും ഷാഫി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നല്‍കേണ്ടി വരുന്നു എന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.

















