കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനവും പാമ്പുകടിയേറ്റുള്ള മരണങ്ങളും ചര്‍ച്ചയായിരിക്കുന്നതിനിടയിലാണ് മുംബൈയില്‍ നിന്നുള്ള കൗതുകകരമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. തിരക്കേറിയ മുംബൈ റോഡിലൂടെ കനത്ത ചൂടില്‍ ഇഴയാന്‍ ബുദ്ധിമുട്ടിയ വലിയൊരു പാമ്പിനെ, ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാരന്‍ അനായാസം പിടികൂടി തന്റെ ഡെലിവറി ബാഗിലേക്ക് മാറ്റുന്നതാണ് ദൃശ്യങ്ങള്‍. ‘ഘര്‍ കെ കലേഷ്’ എന്ന പ്രമുഖ എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ബ്ലിങ്കിറ്റ് ജീവനക്കാരന്‍ പാമ്പുകളെ ഡെലിവറി ചെയ്യുകയാണോ എന്ന തരത്തിലുള്ള രസകരമായ ചര്‍ച്ചകള്‍ക്കാണ് ഈ വീഡിയോ വഴിതുറന്നത്. എക്‌സിന്റെ അക ടൂളായ ഗ്രോക്കിനോട് ചോദിച്ചപ്പോള്‍ ഇത് മുംബൈയില്‍ സാധാരണയായി കാണപ്പെടുന്ന വിഷമില്ലാത്ത ‘ചേര’ ആണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ തമാശരൂപേണയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്ലിങ്കിറ്റ് എന്ന് മുതലാണ് പാമ്പുകളെ ഡെലിവറി ചെയ്യാന്‍ തുടങ്ങിയതെന്നും, തനിക്കൊരു പെരുമ്പാമ്പിനെ ഓര്‍ഡര്‍ ചെയ്യണമെന്നും, ബില്ലില്‍ ഇതിനെ ‘അപ്രതീക്ഷിത ജൈവവൈവിധ്യ ബോണസ്’ എന്ന് രേഖപ്പെടുത്തണമെന്നുമൊക്കെയാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.അതേസമയം, പാമ്പ് ബാഗില്‍ നിന്നും അബദ്ധത്തില്‍ താഴെ വീണതാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്. എന്നാല്‍ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ പാമ്പിനെ ഡെലിവറി ബോയ് സുരക്ഷിതമായി ബാഗിലാക്കി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കനത്ത ചൂടില്‍ റോഡില്‍ കുടുങ്ങിപ്പോയ ജീവിയെ അപകടമൊന്നും കൂടാതെ മാറ്റിയ യുവാവിന്റെ മനസ്സിനെ അഭിനന്ദിക്കുന്നവരും കുറവല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക