സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു പ്രണയാഭ്യർഥന. ഇന്ത്യൻ ആർമി പൈലറ്റായ യുവാവ് കാമുകിയോട് പ്രണയാഭ്യർഥന നടത്തുന്ന വീഡിയോയാണ് വൈറലായത്.ഇന്ത്യൻ ആർമിയിലെ ഏവിയേഷൻ ക്യാപ്റ്റൻ ഭരത് ഭരദ്വാജാണ് നാസിക്കിലെ കോംബാറ്റ് ആർമി ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് വിജയകരമായി വൈമാനിക പരിശീലനം പൂർത്തിയാക്കിയ ശേഷം കാമുകി ആരുഷിയോട് വിവാഹാഭ്യർഥന നടത്തിയത്. സൈനിക ഹെലികോപ്റ്ററിന് മുന്നില്‍ വച്ചായിരുന്നു പ്രണയാഭ്യര്‍ഥന.
തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം കൈവരിച്ച ഭരത് ഭരദ്വാജ് സൈനിക യൂണിഫോമില്‍ തന്നെ കാമുകിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഒരു സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ ഇതിനകം ലക്ഷകണക്കിന് പേരാണ് കണ്ടത്. സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ട്രെയിനര്‍മാരും അതിഥികളും ചുറ്റും നില്‍ക്കെ, ക്യാപ്റ്റന്‍ ഭരദ്വാജ് മുട്ടുകുത്തി നിന്ന് തന്റെ കാമുകിയായ ആരുഷിക്ക് മോതിരം സമ്മാനിക്കുകയായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാത്ത ഈ നിമിഷത്തില്‍ തികച്ചും വികാരാധീനയായ ആരുഷി സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. സ്ഥലത്തുണ്ടായിരുന്ന ഭരതിന്റെ സഹപ്രവര്‍ത്തകരും കുടുംബവും വലിയ കയ്യടികളോടെയും ആര്‍പ്പുവിളികളോടെയാണ് ഈ പ്രണയനിമിഷത്തെ വരവേറ്റത്.
വൈറലായ ഈ നിമിഷത്തെക്കുറിച്ച് ക്യാപ്റ്റന്‍ ഭരദ്വാജ് പിന്നീട് പ്രതികരിച്ചു. താനും ആരുഷിയും കഴിഞ്ഞ അഞ്ച് വര്‍ഷമായി പരസ്പരം അറിയുന്നവരാണെന്നും തങ്ങളുടെ ജീവിതത്തിലെ അടുത്ത വലിയ ചുവടുവയ്പ്പിനായി ഇതിലും നല്ലൊരു ദിവസം തിരഞ്ഞെടുക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പൈലറ്റാകാന്‍ വേണ്ടിയുള്ള വര്‍ഷങ്ങളുടെ കഠിനമായ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ആ നിമിഷം തന്റെ പ്രതിശ്രുത വധുവിനും ഒരുപോലെ മറക്കാനാവാത്ത ഒരു ഓര്‍മ്മയായി മാറ്റാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

















