തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശങ്ങള്‍ക്ക് അസാധാരണമായ ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.വാർത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങള്‍ ആരാഞ്ഞപ്പോഴാണ് ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്.
അടുത്തിടെ ഒരു പ്രസംഗത്തിനിടെ പിണറായി വിജയനെ ‘പോ മോനേ വിജയാ’ എന്ന് രേവന്ത് റെഡ്ഡി സംബോധന ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശം. രേവന്ത് റെഡ്ഡിക്ക് വിശദമായ മറുപടി വരുന്നുണ്ടെന്നും തല്‍ക്കാലം ഇത്രമാത്രമേ പറയുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ പാലിക്കേണ്ട കുറഞ്ഞ പക്ഷം മര്യാദകളുണ്ടെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ‘അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ സാധാരണ ഗതിയില്‍ കാണിക്കേണ്ട ചില രീതികളുണ്ട്, മര്യാദകളുണ്ട്. അതിനൊക്കെ ചേർന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടല്‍ വന്നിട്ടുള്ളതെന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെ,’ മുഖ്യമന്ത്രി പറഞ്ഞു.
രേവന്ത് റെഡ്ഡി പരസ്യമായി തന്നെ അധിക്ഷേപിച്ച സാഹചര്യത്തില്‍ മറുപടിയും പരസ്യമായി തന്നെ നല്‍കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. തെലങ്കാനയിലെ കോണ്‍ഗ്രസ് സർക്കാരും കേരളത്തിലെ ഇടത് സർക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് മുഖ്യമന്ത്രിമാരുടെ വ്യക്തിപരമായ വാക്പോരിലേക്ക് നീങ്ങുന്നത് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്.

















