കാട്ടാക്കട പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.കേസില്‍ കുഞ്ഞിന്റെ അമ്മയായ 21-കാരി ഷംനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക വിവരങ്ങളും പോലീസിന്റെ ചോദ്യം ചെയ്യലുമാണ് കൊടുംക്രൂരതയുടെ ചുരുളഴിച്ചത്.

നിലവില്‍ ഒന്നര വയസ്സുള്ള ഒരു കുട്ടി ഷംനയ്‌ക്കുണ്ട്. രണ്ടാമതൊരു കുഞ്ഞിനെ കൂടി വളര്‍ത്താനുള്ള പ്രയാസമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. ദാരിദ്ര്യമോ മറ്റ് ബുദ്ധിമുട്ടുകളോ ആണോ അതോ മാനസികമായ കാരണങ്ങളാണോ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നതിനെക്കുറിച്ച്‌ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച വീട്ടില്‍ വെച്ചായിരുന്നു യുവതി പ്രസവിച്ചത്. ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവില്‍ നിന്ന് പോലും മറച്ചുവെച്ചായിരുന്നു പ്രസവം. പ്രസവത്തിന് ശേഷം കട്ടിലിനടിയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വയറുവേദനയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞ് ആശുപത്രിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തുന്നത്.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ കണ്ട മുറിപ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി. ഇതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഷംന കുറ്റം സമ്മതിക്കുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഷംന പോലീസ് നിരീക്ഷണത്തിലാണ്. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ ഭര്‍ത്താവിനും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച്‌ വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക