വൈക്കം തലയാഴത്തെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കർഷകൻ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.തലയാഴം പുളിക്കശേരി ചെല്ലപ്പനെയാണ് (65) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെല്ലപ്പന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മകൻ ദീപു ആരോപിച്ചു.

കാലിനും കൈയ്‌ക്കും കൃത്യമായ സ്വാധീനമില്ലാത്ത, ശാരീരികമായി അവശനായ അച്ഛൻ എങ്ങനെ തനിയെ തൂങ്ങിമരിക്കും എന്നാണ് മകന്റെ ചോദ്യം. ചെല്ലപ്പന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പോലീസ് അത് പുറത്തുവിടാതെ മറച്ചുവെക്കുകയാണെന്നും ദീപു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീർഘനാളായി സിപിഐ നേതാക്കളില്‍ നിന്നും ചെല്ലപ്പന് ഭീഷണി ഉണ്ടായിരുന്നു. രാത്രി 12 മണി വരെ അദ്ദേഹം സിപിഐ ഓഫീസില്‍ ഉണ്ടായിരുന്നു. മരണത്തിന് മുമ്പ് ചെല്ലപ്പൻ പുറത്തുവിട്ട ഫേസ്ബുക്ക് വീഡിയോ മരണമൊഴിയായി കണക്കാക്കി, അതില്‍ പേര് പരാമർശിക്കുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും, സഹകരണ ബാങ്ക് ഭാരവാഹിയായ ഒരു നേതാവും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ബാങ്കില്‍ നിന്നും എടുത്ത വായ്പയുമായി ബന്ധപ്പെട്ടും അല്ലാതെയും വലിയ പീഡനങ്ങളാണ് പിതാവ് അനുഭവിച്ചതെന്നും ദീപു പറഞ്ഞു.

വൈക്കം നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ. അജിത്ത് സംഭവ സ്ഥല സന്ദർശിച്ചു. ചെല്ലപ്പന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് ഉടൻ ജനങ്ങള്‍ക്ക് മുന്നില്‍ വായിക്കണമെന്നും കുറ്റവാളികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ വിട്ട തന്നെപ്പോലുള്ള ആളുകള്‍ക്കും നിലവില്‍ വലിയ രീതിയിലുള്ള ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും മുൻ എംഎല്‍എ കെ. അജിത്ത് കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക