പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്ത്.എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ റസാഖിന് ലഭിക്കുന്ന വൻ ജനപിന്തുണയില്‍ യുഡിഎഫ് ഭയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
റസാഖ് പിടിക്കുന്ന വോട്ടുകള്‍ ബിജെപിയെ ജയിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ വ്യാജപ്രചരണം നടത്തുകയാണെന്ന് സുരേഷ് ബാബു ആരോപിച്ചു. ബിജെപി ജയിച്ചാലും റസാഖ് ജയിക്കരുതെന്നാണ് യുഡിഎഫ് ലക്ഷ്യം. പാലക്കാട്, കോങ്ങാട്, മലമ്പുഴ, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് സിപിഐഎം ആരോപിക്കുന്നു. “ഷാഫി പറമ്പിലിന്റെ കുതന്ത്രങ്ങളാണ് പാലക്കാട്ട് നടക്കുന്നത്. രമേഷ് പിഷാരടി തോല്‍ക്കണമെന്നും റസാഖ് ജയിക്കരുതെന്നുമാണ് ഷാഫിയുടെ ആഗ്രഹം” സുരേഷ് ബാബു പറഞ്ഞു.
ഒറ്റപ്പാലത്ത് മുൻ ബിജെപി സ്ഥാനാർത്ഥിക്ക് പി.കെ. ശശി 50 ലക്ഷം രൂപ നല്‍കിയെന്നും എറണാകുളത്തെ ഒരു ഏജൻസി വഴിയാണ് ഈ ഡീല്‍ നടന്നതെന്നും സുരേഷ് ബാബു വെളിപ്പെടുത്തി. പി.കെ. ശശി നാമനിർദ്ദേശ പത്രികയില്‍ കൃത്രിമം കാണിച്ചെന്നും, ധൈര്യമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് നല്‍കണമെന്നും സുരേഷ് ബാബു വെല്ലുവിളിച്ചു.

















