കഴക്കൂട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ശരത്ചന്ദ്ര പ്രസാദാണ് ആരോപണം ഉയര്‍ത്തിയത്. പ്രചാരണ പരിപാടികള്‍ക്കിടെ യുഡിഎഫ് പ്രവര്‍ത്തകരെ റോഡിലിട്ടും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ വച്ചും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശരത്ചന്ദ്രപ്രസാദ് ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് ജീവനു ഭീഷണിയെന്ന് കാട്ടി ടി.ശരത്ചന്ദ്ര പ്രസാദ് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ വയ്ക്കുമ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അവിടെയെത്തി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുളള പ്രവര്‍ത്തകരെ കമ്പി പാര കൊണ്ട് തലയ്ക്ക് അടിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാജയഭീതി കൊണ്ടാണ് സിപിഎം അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നതെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശുപത്രിക്കുള്ളില്‍ കയറിയും ആക്രമിച്ചത് നടുക്കുന്നതാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

‘ഞാനും മറ്റ് നേതാക്കളും ശ്രീകാര്യത്തെ കേന്ദ്ര പാര്‍ട്ടി ഓഫീസിലിരിക്കെയാണ് സംഭവം അറിയുന്നത്. ഓടി ആശുപത്രിയിലെത്തുമ്പോള്‍ കണ്ട കാഴ്ച ഭീകരമാണ്. പൊലീസ് എത്തി മൊഴി എടുത്തു, എഫ്‌ഐആര്‍ ഇട്ടു. പക്ഷേ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. തലയ്ക്കടിയേറ്റയാളെ സക്ാന്‍ ചെയ്യാന്‍ വിട്ടു. സ്‌കാന്‍ ചെയ്യാന്‍ പോയ സ്ഥലത്ത് എത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരിക്കേറ്റയാളെ വീണ്ടും മര്‍ദ്ദിച്ചു. ഞങ്ങളവിടെ എത്തുമ്പോള്‍ അത്യാഹിത വിഭാഗത്തില്‍ 35 ഓളം സിപിഎം ഗുണ്ടകള്‍ നില്‍ക്കുന്നുണ്ട്. സിഐ ഉള്‍പ്പെടെ ഉണ്ടായിട്ടും അവരെ അറസ്റ്റ് ചെയ്തില്ല.

സ്‌കാന്‍ റിപ്പോര്‍ട്ടുമായി ഡോക്ടറുടെ മുറിയില്‍ എത്തിയ മുറിവേറ്റ പ്രവര്‍ത്തകരെ വീണ്ടും ഡോക്ടറുടെ മുന്നിലിട്ടു മര്‍ദ്ദിച്ചു. ഡി.ആര്‍.അനില്‍ എന്ന സിപിഎമ്മുകാരന്‍ വന്നപ്പോള്‍ പൊലീസ് അയാളുമായി സൗഹൃദം പങ്കിടുകയും അടി കൊണ്ട ഞങ്ങളുടെ പ്രവര്‍ത്തകരായ രണ്ട് പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. പിന്നീട് പൊലീസ് ഞങ്ങളെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഓടിച്ചു വിട്ടു. ഇവിടെ നിങ്ങള്‍ ചികിത്സിച്ചാല്‍ വീണ്ടും സംഘര്‍ഷമുണ്ടാകും എന്ന് പറഞ്ഞ് മറ്റെവിടെയെങ്കിലും പോയി ചികിത്സിക്കാന്‍ പറഞ്ഞു. ഒടുവില്‍ ഞങ്ങള്‍ക്ക് പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയില്‍ നിന്ന് തിരികെ പോകേണ്ടി വന്നു. തുടര്‍ന്ന് ഞങ്ങളുടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അവരില്‍ നിന്ന് പിടി കൂടിയ രണ്ടു പേരെ വൈകിട്ട് ആറ് മണിക്ക് വിട്ടയച്ചു. ഇതിനെതിരെ ഞങ്ങള്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് നേരെ പ്രതിഷേധം നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക