വടകര എംപി ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്. ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ പാലക്കാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി( ഒന്ന്) ഉത്തരവിട്ടു. ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചത്.2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് നടപടി.
വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്‌എഫ്‌ഐക്കാർ തല്ലിതകർത്തതിന് പിന്നാലെ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചെന്നാണ് കേസ്. അന്ന് പാലക്കാട് എംഎല്‍എയായിരുന്നു ഷാഫി. നാല്‍പ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്.
കേസില്‍ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിൻ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.ഷാഫി പറമ്പില്‍ ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്‌റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും

















