വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിനെയും വെല്ലുവിളി ഉയര്‍ത്തുന്ന ബി.ജെ.പി.യെയും ഒരേപോലെ നേരിടാന്‍ വമ്പന്‍ പ്ലാനുമായി കോണ്‍ഗ്രസ്. കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന ഹൈക്കമാന്‍ഡ്, രണ്ട് സിറ്റിംഗ് എം.പി.മാരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉടന്‍ പൂര്‍ത്തിയാക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള 50 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കൊനഗോലു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തട്ടകമായ ധര്‍മ്മടത്ത് തന്നെ വിറപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കെ. സുധാകരനെയോ ഷാഫി പറമ്പിലിനെയോ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അറിയാവുന്ന സുധാകരന്‍ അല്ലെങ്കില്‍ യുവജനങ്ങള്‍ക്കിടയില്‍ തരംഗമായ ഷാഫി പറമ്പില്‍ എത്തുന്നതോടെ മണ്ഡലം സംസ്ഥാന ശ്രദ്ധാകേന്ദ്രമാകും.
പഴയ രീതിയിലുള്ള വൈകാരിക സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇത്തവണ ഉണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും നടത്തിയ കൃത്യമായ സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ വിജയസാധ്യത മാത്രമാകും മാനദണ്ഡം.സി.പി.എമ്മിനെ അതിശക്തമായ ശത്രുവായി കണ്ട് നേരിടാനാണ് തീരുമാനം. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ കരുത്തരായ നേതാക്കള്‍ തന്നെ നിയമസഭയിലേക്ക് മത്സരിക്കണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്.
ദേശീയ രാഷ്ട്രീയത്തേക്കാള്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. അതുകൊണ്ടാണ് ഷാഫിയെയും സുധാകരനെയും പോലുള്ള ജനസ്വാധീനമുള്ള നേതാക്കളെ നിയമസഭാ പോരാട്ടത്തിലേക്ക് നിയോഗിക്കുന്നത്. ത്രികോണ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പി.യുടെ വോട്ട് വിഹിതം കുറയ്ക്കാനും അതേസമയം നിഷ്പക്ഷ വോട്ടുകള്‍ സമാഹരിക്കാനും കഴിവുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് തേടുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് ഉയര്‍ന്നുവന്നേക്കും.

















