വാടാനപ്പള്ളിയില്‍ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ ദേവൻ.നേരത്തെ ചാർട്ട് ചെയ്ത പരിപാടികള്‍ക്കായാണ് താൻ വാടാനപ്പള്ളിയില്‍ എത്തിയതെന്ന് ദേവൻ പറഞ്ഞു.

യോഗം തുടങ്ങാൻ താമസമുള്ളതുകൊണ്ടാണ് വിശ്രമിക്കാനായി ഈ വീട്ടില്‍ എത്തിയത്. കോണ്‍ഗ്രസിന്‍റേത് പരാജയഭീതി മൂലമുള്ള നാടകമാണ്. മണലൂരില്‍ ബിജെപിക്ക് വലിയ രീതിയിലുള്ള മുന്നേറ്റം ഉണ്ടാകുമെന്ന് അവർക്ക് ബോധ്യമായി. താൻ പങ്കെടുക്കുന്ന യോഗങ്ങളില്‍ സ്ത്രീകളുടേത് അടക്കം വലിയ രീതിയിലുള്ള ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ഇതുകണ്ട് ഭയന്നാണ് ടി എൻ പ്രതാപൻ എത്തിയതെന്നും ദേവൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താൻ വിശ്രമിച്ച വീട്ടിലുള്ളവരെ നേരിട്ട് പരിചയമില്ല. ബിജെപി നേതാവായ റോഷന്‍റെ സുഹൃത്തിന്‍റെ വീടാണ്. പരിപാടി തുടങ്ങുന്നതു വരെ റോഡില്‍ നില്‍ക്കേണ്ട ഇവിടെ വിശ്രമിക്കാം എന്നു അദ്ദേഹം പറഞ്ഞു. ഇവിടെ വന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്ബോഴാണ് ടി എൻ പ്രതാപൻ എന്നയാള്‍ വന്ന് ബഹളമുണ്ടാക്കിയത്. താൻ കിറ്റ് വിതരണത്തിന് വന്നു എന്നു പറഞ്ഞാണ് ബഹളമുണ്ടാക്കിയത്. അതിനിടയില്‍ സിപിഎമ്മിന്‍റെ ആളുകളും വന്നു. യുഡിഎഫും എല്‍ഡിഎഫും കൂടി ഭയങ്കര പ്രകടനം നടത്തിയെന്നും ദേവൻ പറഞ്ഞു. കുടുംബ യോഗങ്ങളില്‍ ദേവൻ പങ്കെടുക്കുന്ന പരിപാടിയുടെ വിവരങ്ങള്‍ ഇന്നലെ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

അതേസമയം വാടാനപ്പിള്ളിയില്‍ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യകിറ്റ് നല്‍കിയെന്ന ആരോപണം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. പ്രദേശത്തെ വ്യാപാരിയുടെ ഗോഡൗണില്‍ നിന്ന് സാധനം കടത്താൻ ശ്രമിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വ്യാപാരിയുടെ വീട്ടിലെത്തിയ നടന്‍ ദേവനടക്കം ബിജെപി നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. വാടാനപ്പള്ളിയിലെ സൂപ്പർ മാർക്കറ്റില്‍ നിന്നും കിറ്റുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പർ മാർക്കറ്റ് ഉടമയെയും വാടാനപ്പള്ളി സ്വദേശിയായ ബിജെപി പ്രവർത്തകനായ സതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേവൻ കിറ്റിന്റെ പണം നല്‍കാൻ വന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വലിയ സംഘർഷാവസ്ഥയാണ് ഇവിടെ കഴിഞ്ഞ മണിക്കൂറുകളില്‍ ഉണ്ടായത്. ബിജെപി കോണ്‍ഗ്രസ് പ്രവർത്തകർ ഏറെ നേരം നേർക്കുനേർ നിലയുറപ്പിച്ചു. ദേവനെ കസ്റ്റ‍ഡിയില്‍ എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സിസിടിവിയില്‍ ദേവനും നേതാക്കളും ഗോഡൗണില്‍ കയറുന്ന ദൃശ്യങ്ങളില്ലെന്നും ദേവനെ അടക്കം കസ്റ്റഡിയിലെടുക്കാൻ ആവില്ലെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത സൂപ്പർ മാർക്കറ്റ് ഉടമയെ ചോദ്യംചെയ്ത് തെളിവുണ്ടെങ്കില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, ദേവനെ കസ്റ്റഡിയില്‍ എടുക്കാത്തത് പൊലീസും ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ള യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക