കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനില്‍ (KSRTC) കഴിഞ്ഞ ഒരു ദശകമായി പി.എസ്.സി നിയമനങ്ങള്‍ പൂർണ്ണമായും നിലച്ചതായി വിവരാവകാശ രേഖ.2016 മെയ് മുതല്‍ 2026 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം പത്ത് വർഷത്തിനിടെ ഒരാള്‍ക്ക് പോലും പി.എസ്.സി വഴി നിയമന ശുപാർശ ലഭിച്ചിട്ടില്ലെന്ന് പി.എസ്.സി വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം പി.എസ്.സി. നല്‍കിയ മറുപടിയിലാണ് ഇക്കര്യം ഉള്ളത്.
ജൂനിയർ അസിസ്റ്റന്റ് തസ്തികയില്‍ 2017-ലും 2021-ലും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്റ്റോർ ഇഷ്യുവർ തസ്തികയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും പരീക്ഷ നടത്തിയിട്ടില്ല. അതേസമയം 2011മുതല്‍ 2015വരെ യു.ഡി.എഫ്. ഭരണകാലത്ത് 14,034 ഒഴിവുകള്‍ നികത്തിയെന്നും പി.എസ്.സി. വ്യക്തമാക്കുന്നു. റിസർവ് കണ്ടക്ടർ(9300), റിസർവ് ഡ്രൈവർ(3974), ജൂനിയർ അസിസ്റ്റന്റ് (667), അസിസ്റ്റന്റ് സ്റ്റോർ കീപ്പർ (48), സ്റ്റോർ ഇഷ്യുവർ (45) എന്നിങ്ങനെയാണ് ഈ കാലയളവില്‍ നല്‍കിയ നിയമന ശുപാർശകളുടെ എണ്ണം.
സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറിനാണ് പി.എസ്.സി. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയത്.കെ.എസ്.ആർ.ടി.സി.യില്‍ പി.എസ്.സി. നിയമനങ്ങളില്‍ സമ്പൂർണ നിരോധനം നിലനില്‍ക്കുമ്പോള്‍ ‘സ്വിഫ്റ്റി’ല്‍ പിൻവാതിലിലൂടെ വ്യാപകമായി താത്‌കാലിക നിയമനങ്ങള്‍ നടത്തുന്നുവെന്ന് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി ആരോപിച്ചു. പരിശീലനവും പരിചയക്കുറവുമുള്ള ഡ്രൈവർമാരെ നിയമിച്ചതോടെ അപകടം വർധിച്ചതായും വാഹനങ്ങളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടക്കാത്തതുകാരണം ബസുകള്‍ക്കു തീപിടിക്കുന്നുണ്ടെന്നുമാണ് മറ്റൊരു ആരോപണം.
കെ.ബി. ഗണേഷ്‌കുമാർ ഗതാഗതമന്ത്രിയായ ശേഷം ഇലക്‌ട്രിക് ബസുകള്‍ ഒഴിവാക്കുന്ന നയമാണ് സ്വീകരിച്ചത്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ മറ്റു സംസ്ഥാനങ്ങള്‍ ഡീസല്‍ ബസുകള്‍ ഉപേക്ഷിച്ച് ഇലക്‌ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴാണിത്. പുതിയ ഡീസല്‍ ബസുകള്‍ക്ക് പരിപാലനച്ചെലവ് കൂടുതലാണെന്നും സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി ആരോപിച്ചു.

















