കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിക്കുന്നതാണ് സംസ്ഥാനത്തിൻ്റെ ചരിത്രം.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. ആദ്യമായി എല്‍ഡിഎഫ് സർക്കാർ ഭരണത്തുടർച്ച നേടി. അപ്പോഴും എൻഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ ഈ തിരഞ്ഞെടുപ്പോട് കൂടി എൻഡിഎ സംസ്ഥാനത്ത് നിർണായക ശക്തിയാകുമെന്ന് പ്രവചിക്കുകയാണ് പൊളിറ്റിക്കല്‍ വൈബ് സർവ്വെ. കേരളത്തില്‍ ശക്തമായ ത്രികോണപോരാട്ടത്തിനുള്ള കളമൊരുങ്ങുകയാണെന്നാണ് സർവ്വെ പ്രവചനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021 ല്‍ 99 സീറ്റുകള്‍ നേടിയായിരുന്നു പിണറായി സർക്കാർ ഭരണത്തുടർച്ച നേടിയത്. എന്നാല്‍ പിണറായി വിജയൻ സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണത്തിനെതിരെ ജനരോഷം ശക്തമാണെന്നാണ് സർവ്വെ ഫലം സൂചിപ്പിക്കുന്നത്. 2500 വോട്ടർമാരെയും മണ്ഡലതല വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കല്‍ വൈബ് സർവ്വേ പ്രകാര, എല്‍ഡിഎഫിന്റെ സ്വാധീനം ഇക്കുറി അത്ര ശക്തമല്ല. അതേസമയം ശക്തമായൊരു തിരിച്ചുവരവ് യുഡിഎഫിന് സാധ്യമാകില്ലെന്നും സർവ്വെ പറയുന്നു. ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സർവ്വെ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 59-78 സീറ്റുകളും യുഡിഎഫിന് 49-69 സീറ്റുകളും ലഭിച്ചേക്കുമെന്നാണ് പ്രവചനം.

ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) വളർച്ചയാണ് ഈ സർവ്വേയിലെ പ്രധാന സവിശേഷത. 2021-ല്‍ സീറ്റുകളില്ലാതിരുന്ന എൻഡിഎയ്ക്ക് 8-17 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.ഈ മുന്നേറ്റം ക്രമാനുഗതമല്ല മറിച്ച്‌ കേരള രാഷ്ട്രീയത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന മുന്നേറ്റം ആയിരിക്കുമെന്നാണ് സർവ്വെ പറയുന്നത്.

പോരാട്ടം കനക്കും, വോട്ട് വിഹിതം പറയുന്നത്

ഇരുമുന്നണികളും തമ്മില്‍ വോട്ടുവിഹിതത്തില്‍ നേരിയ കുറവ് മാത്രമേ ഉണ്ടാകുയെന്നും സർവ്വെ പ്രവചിക്കുന്നു. എല്‍ഡിഎഫിന് ഏകദേശം 38-41 ശതമാനവും യു.ഡി.എഫിന് 37-40 ശതമാനവുമാണ് പ്രവചനം. ഈ വോട്ടു വ്യത്യാസം അന്തിമ സീറ്റ് നിലയെ മാറ്റിമറിച്ചേക്കാം.

അതേസമയം എൻഡിഎയ്ക്ക് 15-20 ശതമാനം വോട്ട് വിഹിതമാണ് സർവ്വെ പ്രവചിക്കുന്നത്. അതായത് സംസ്ഥാന്തതെ മൂന്നാം ശക്തിയായി എൻഡിഎ മാറുകയാണെന്ന സൂചനയായിരിക്കും ഇതെന്നും സർവ്വെ പറയുന്നു.

ശക്തമായ ത്രികോണ പോരാട്ടം

ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും 30 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ ലഭിച്ചേക്കുമെന്നാണ് സർവ്വേയിലെ ശ്രദ്ധേയമായ മറ്റൊരു പ്രവചനം.

പാലായില്‍ എൻഡിഎയ്ക്ക് 34.23%, യുഡിഎഫിന് 33.43%, എല്‍ഡിഎഫിന് 32.34% വോട്ടുകള്‍ ലഭിക്കും. പുതുക്കാട് എല്‍ഡിഎഫ് 37.8% നേടി മുന്നിട്ട് നില്‍ക്കുമ്പോള്‍ എൻഡിഎ 32.22% വോട്ടുകളോടെ പ്രധാന എതിരാളിയാകും. യുഡിഎഫ് 25.99% വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

വോട്ടുകള്‍ എത്രമാത്രം വിഭജിക്കപ്പെടും എന്നതിൻ്റെ വ്യക്തമായ ഉദാഹരണം കൂടിയായിരിക്കും ഇവിടങ്ങളിലെ പോരാട്ടം. ഇത്തരം മണ്ഡലങ്ങളില്‍ കുറഞ്ഞ വോട്ടുകള്‍ പോലും വിജയത്തെ മാറ്റിമറിച്ചേക്കും.

പ്രധാന സീറ്റുകളില്‍ ബിജെപി കരുത്തുകാട്ടും

പല മണ്ഡലങ്ങളിലും എൻഡിഎ ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് സർവ്വെ ചൂണ്ടിക്കാട്ടുന്നത്.

കാസർഗോഡ്, തൃശൂർ, ഇരിങ്ങാലക്കുട, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ എൻഡിഎ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. എല്‍ഡിഎഫും യുഡിഎഫുമെല്ലാം കനത്ത തിരിച്ചടികള്‍ ഇവിടെ നേരിട്ടേക്കാം. അതായത് ഇരുമുന്നണികളും തമ്മിലുള്ള മത്സരം എന്നതിനെ തിരുത്തി കുറിച്ച്‌ ശക്തമായ ത്രികോണ മത്സരം എന്ന നിലയിലേക്ക് തിരഞ്ഞെടുപ്പ് പോരാട്ടം വഴിമാറും.

ശക്തരായി എൻഡിഎ

സർവ്വേയിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍ എൻഡിഎയുടെ വർധിച്ചുവരുന്ന സ്വാധീനമാണ്. തിരുവനന്തപുരം, നേമം എന്നിവ എൻഡിഎയുടെ ശക്തികേന്ദ്രങ്ങളാകും. മഞ്ചേശ്വരം, കഴക്കൂട്ടം തുടങ്ങിയ ഇടങ്ങളില്‍ മുന്നണിക്ക് പിന്തുണ വർദ്ധിക്കും.നേമത്ത് എൻഡിഎയ്ക്ക് 43.58 ശതമാനം വോട്ട് വിഹിതം നേടാനാകുമെന്നാണ് സർവ്വെ പറയുന്നത്.

മലമ്പുഴയിലും വോട്ട് വിഹിതം ഉയർത്തും. ഇവിടെ 40.98% വോട്ടുകള്‍ നേടും.അതായത് ഇടതുപക്ഷ ശക്തികേന്ദ്രമായിരുന്ന മലമ്പുഴയില്‍ എൻഡിഎയ്ക്ക് ഇക്കുറി വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാനാകുമെന്നാണ് സർവ്വെ ചൂണ്ടിക്കാട്ടുന്നത്.

മഞ്ചേശ്വരത്ത് എൻഡിഎയ്ക്ക് 39.50%, കഴക്കൂട്ടത്ത് 38.63% വോട്ട് ലഭിക്കും. ഈ മണ്ഡലങ്ങളില്‍ മുന്നണിക്ക് വ്യക്തമായ മുൻതൂക്കമുണ്ടാകും. തിരുവല്ലയിലും ചാത്തന്നൂരിലും വിജയസാധ്യത നിലനില്‍ക്കുന്നുണ്ട്. അതായത് മധ്യ, തെക്കൻ കേരളത്തില്‍ എൻഡിഎ വോട്ടുകളുടെ ഏകീകരണം ഉണ്ടാകുമെന്ന് സർവ്വെ പറയുന്നു.

പാലക്കാടും എൻഡിഎ ശക്തമായ സാന്നിധ്യമാകും. 36.56% വോട്ടുകള്‍ എൻഡിഎയ്ക്ക് ലഭിക്കും. അതീവ ശ്രദ്ധേയമായ തിരുവനന്തപുരം മണ്ഡലത്തില്‍ ത്രികോണ മത്സരത്തില്‍ എൻഡിഎ മുന്നില്‍ നില്‍ക്കുമെന്നുമാണ് പ്രവചനം. വട്ടിയൂർക്കാവ്, കുന്നത്തുനാട് എന്നിവിടങ്ങളിലും എൻഡിഎയുടെ സ്വാധീനം വർദ്ധിക്കുന്നുണ്ടെന്ന് സർവ്വെയില്‍ പറയുന്നു.

ത്രികോണ മത്സരം ശക്തിപ്പെടുമെങ്കിലും പ്രധാന മുന്നണികളുടെ ശക്തികേന്ദ്രങ്ങള്‍ക്ക് വലിയ കോട്ടം തട്ടില്ല. മട്ടന്നൂരില്‍ എല്‍ഡിഎഫും വേങ്ങരയില്‍ യുഡിഎഫുമൊക്കെ അതിശക്തരായി തന്നെ തുടരും. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ തുടങ്ങിയ മേഖലയില്‍ ഇത്തവണ എൻഡിഎയ്ക്ക് വലിയ ആധിപത്യം നേടാനാകും.

ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിർണായകമാകുക പ്രവചനാതീതമായി കരുതുന്ന ഏകദേശം രണ്ട് ഡസനോളം നിയമസഭാ മണ്ഡലങ്ങളാണ്. നേരിയ വോട്ട് വ്യത്യാസം മാത്രം വന്നേക്കാവുന്ന ഈ മണ്ഡലങ്ങളായിരിക്കും സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക.

എൻഡിഎയുടെ വളർച്ച പുതിയൊരു ഘടകമായി മാറുമ്പോഴും ഈ നിർണ്ണായക പോരാട്ട മേഖലകളിലെല്ലാം തന്നെ എല്‍ഡിഎഫിന് ഘടനാപരമായ മുൻതൂക്കം ഇപ്പോഴും നിലനിർത്താൻ കഴിയുന്നുണ്ടെന്ന് പൊളിറ്റിക്കല്‍ വൈബ് പറയുന്നു.

എൻഡിഎ വോട്ടും സീറ്റും ഉയർത്തുന്നത് തന്നെയായിരിക്കും ഈ തിരഞ്ഞെടുപ്പിലെ നിർണായക ചർച്ച. അതേസമയം എല്‍ഡിഎഫിനെ സംബന്ധിച്ച്‌ നിരവധി മണ്ഡലങ്ങളില്‍ അവർ കടുത്ത പോരാട്ടം നേരിട്ടേക്കും. എല്‍ഡിഎഫിന് 59 സീറ്റുകളില്‍ വിജയം സുനിശ്ചിതമായിരിക്കും.

യുഡിഎഫിനാകട്ടെ 49 ഇടത്തായിരിക്കും വിജയിക്കാനാകുക. 71 എന്ന മാന്ത്രിക സംഖ്യ കടക്കണമെങ്കില്‍ എൻഡിഎ കൂടി കരുത്ത് കാട്ടുന്ന മണ്ഡലങ്ങളിലെ വിജയം യു.ഡി.എഫിനും എല്‍ഡിഎഫിനും നിർണായകമാകുമെന്നാണ് സർവ്വെ പറയുന്നത്.

തിരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന്

ഏപ്രില്‍ 9 നാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4 നാണ് വോട്ടെണ്ണല്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രവചനാതീതമായ തിരഞ്ഞെടുപ്പിനായിരിക്കും കേരളം ഇത്തവണ സാക്ഷ്യം വഹിക്കാൻ പോകുന്നത്.സംസ്ഥാനത്ത് ശക്തമായൊരു ത്രികോണ പോരാട്ടത്തിനാണ് പൊളിറ്റിക്കല്‍ വൈബ് സർവ്വേ സാധ്യത കല്‍പ്പിക്കുന്നത്.

എൻഡിഎ കരുത്ത് കാട്ടുന്നു, യു.ഡി.എഫിനെ സംബന്ധിച്ച്‌ അവർ ആധിപത്യം തിരിച്ചുപിടിക്കാൻ പാടുപെടുകയാണ്.അതേസമയം എല്‍ഡിഎഫ് ആകട്ടെ മുൻതൂക്കമുണ്ടെങ്കിലും കടുത്ത പോരാട്ടം നേരിടേണ്ടി വരും.

വ്യക്തമായ ഭൂരിപക്ഷം നേടുമോ അതോ ഭിന്നമായൊരു വിധി ഉണ്ടാകുമോ എന്നത് ഈ നേരിയ വ്യത്യാസങ്ങള്‍ വോട്ടിംഗ് രീതിയെ എങ്ങനെ സ്വാധീനിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് സർവ്വെ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക