കേരളത്തില്‍ സമീപ കാലങ്ങളിലുണ്ടായ ദുരനുഭവങ്ങള്‍ കണക്കിലെടുത്ത്, സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും വര്‍ഷാവസാന ദിവസത്തില്‍ കുട്ടികള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്ക് വിലക്ക്.മധ്യവേനല്‍ അവധിക്കായി സ്കൂള്‍ അടയ്ക്കുന്ന ദിവസവും ആഘോഷങ്ങളൊന്നും പാടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.
ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകള്‍ ശനിയാഴ്ചയും എസ് എസ് എല്‍ സി പരീക്ഷ 30നും അവസാനിക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകള്‍ പൂർത്തിയാക്കി 31നാണ് സ്കൂള്‍ അടയ്ക്കുന്നത്.
പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ അച്ചടക്കരഹിതമായ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. കുട്ടികളെ സുരക്ഷിതമായി വീട്ടില്‍ എത്തിക്കുന്നതിന് രക്ഷിതാക്കളുടെ സഹകരണം തേടണമെന്നും സ്കൂള്‍ പരിസരത്ത് ക്രമസമാധാന പാലനത്തിനായി ആവശ്യമെങ്കില്‍ പൊലീസിൻ്റെ സഹായം തേടാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.














