വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുന്പ് നവവധുവിനെ ക്രൂരമായി മര്ദിച്ച് പരിക്കേല്പ്പിച്ച സംഭവത്തില് ഭര്ത്താവ് അറസ്റ്റില്.ചെമ്പഴന്തി അണിയൂര് കീരിക്കുഴി ജലീല് മന്സിലില് ആസിഫിനെയാണ് (28) കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. മര്ദനമേറ്റ ചെങ്കോട്ടുകോണം സ്വദേശിനി അറഫാ നജുമുദീന് (22) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കഴിഞ്ഞ ജനുവരി 25നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഫെബ്രുവരി 17ന് അറഫ തന്റെ മാതാവിന്റെ സഹോദരിയെ ഫോണില് വിളിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. അകാരണമായി മര്ദനം തുടങ്ങിയ ആസിഫ്, യുവതിയുടെ മുഖത്തടിക്കുകയും മുതുകില് ചവിട്ടുകയും ചെയ്തു. തുടര്ന്ന് വലതു കാല്മുട്ട് ചവിട്ടി ഒടിക്കുകയും കുപ്പി ഉപയോഗിച്ച് നെഞ്ചിലും വാരിയെല്ലിലും ക്രൂരമായി മര്ദിക്കുകയുമായിരുന്നുവെന്ന് പരാതിയില് പറയുന്നു.
അറഫയുടെ വാരിയെല്ലിനും നെഞ്ചിനും കാല്മുട്ടിനും ഗുരുതരമായ പരിക്കുകളുണ്ട്. യുവതിയുടെ ബന്ധുക്കള് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി എടുത്തത്. പ്രതിയായ ആസിഫിനെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.

















